Connect with us

National

നോയിഡയില്‍ പൊതു സ്ഥലത്ത് നിസ്‌കാരം വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

നോയിഡ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ പൊതു സ്ഥലത്ത് നിസ്‌കാരം വിലക്കി പോലീസിന്റെ ഉത്തരവ്. വെള്ളിയാഴ്ചകളില്‍ പൊതു സ്ഥലത്ത് ജുമുഅ നിസ്‌കാരം നിര്‍വഹിക്കരുതെന്ന് സെക്ടര്‍-58 ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഉത്തരവ് ജീവനക്കാര്‍ ലംഘിച്ചാല്‍ കമ്പനിയായിരിക്കും ഉത്തരവാദിയെന്നും പോലീസ് വ്യക്തമാക്കി. പൊതു സ്ഥലത്ത് നിസ്‌കാരം നിര്‍വഹിക്കുന്നത് മേഖലയിലെ മൈത്രിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതായി ആരോപിച്ച് ചില ഹൈന്ദവ സംഘടനകള്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

ഇക്കാര്യത്തില്‍ വ്യക്തത തേടി ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് കമ്പനി അധികൃതര്‍. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഏതെങ്കിലും മതത്തിന്റെ ആരാധനാ കര്‍മങ്ങള്‍ വിലക്കുകയല്ല ഉദ്ദേശ്യമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുര്‍ഗാവോനില്‍ നിരവധി പ്രദേശങ്ങളില്‍ പൊതു സ്ഥലത്ത് നിസ്‌കാരം നിര്‍വഹിക്കുന്നത് ഹൈന്ദവ സംഘടനകള്‍ തടഞ്ഞിരുന്നു. സ്ഥലം തങ്ങളുടെ വരുതിയിലാക്കാനും പള്ളിയുടെ ഭാഗമാക്കാനും ചിലര്‍ ശ്രമിക്കുകയാണെന്നാണ് സംഘടനകളുടെ ആരോപണം.