രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍-റോഡ് പാലം ഉദ്ഘാടനം ചെയ്തു

Posted on: December 25, 2018 3:06 pm | Last updated: December 25, 2018 at 6:56 pm


ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ നാടിന് സമര്‍പിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലം ഉദ്ഘാടനം ചെയ്തത്. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്ററാണ് നീളം.

ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ അരുണാചല്‍ പ്രദേശ്- അസം യാത്ര എളുപ്പമാവും. ബോഗിബീല്‍ വഴി 140 കിലോമീറ്റര്‍ ദൂരം (നാല് മണിക്കൂര്‍) യാത്രാ സമയം ലാഭിക്കാനാകും. ഡല്‍ഹിയില്‍ നിന്ന് ദിബ്രുഗഡിലേക്കുള്ള ട്രെയിന്‍ യാത്ര മൂന്ന് മണിക്കൂര്‍ കുറയും.

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയില്‍- റോഡ് കൂടിയാണ് ഈ പാലം. പാലത്തിന്റെ നിര്‍മ്മാണച്ചെലവ് 5,900 കോടിയാണ്. ചൈനീസ് അതിര്‍ത്തിയായ അരുണാചല്‍ പ്രദേശിലേക്കുള്ള സൈനിക ഗതാഗതം കൂടി ഉദ്ദേശിച്ചാണ് പാലം പണിതിരിക്കുന്നത്. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവും. ടാങ്കുകള്‍ക്ക് യാത്ര ചെയ്യാനും ജെറ്റ് വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും അനുയോജ്യമായ രീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.  

1997 ജനുവരി 22 ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. പിന്നീട് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ 2002 ഏപ്രില്‍ 21ന് പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുകയായിരുന്നു.  രണ്ട് പതിറ്റാണ്ട് കാത്തിരിപ്പിനൊടുവില്‍ വാജ്‌പേയിയുടെ ജന്മദിനത്തിനാണ് പാലം ഉദ്ഘാടനം ചെയ്തത്. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ ‘ബോഗിബീല്‍’ നിര്‍ണായക പങ്കുവഹിക്കും.