Connect with us

Editorial

സ്വകാര്യതയെ ഭയക്കുന്നവര്‍

Published

|

Last Updated

ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതാ സംരക്ഷണത്തിന്മേലുള്ള കടന്നാക്രമണമാണ് രാജ്യത്തെ എത് കംപ്യൂട്ടറും മൊബൈല്‍ ഫോണും നീരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ അനുമതി. കേസില്‍ പ്രതിയാകുകയോ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം ആണെങ്കിലോ മാത്രമേ നേരത്തെ കമ്പ്യൂട്ടറുകളും മൊബൈലുകളും പരിശോധിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അതും കോടതിയുടെ അനുമതി വാങ്ങിയ ശേഷം മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് അനുസരിച്ചു എന്‍ ഐ എ, സി ബി ഐ, ഐ ബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി പത്ത് ഏജന്‍സികള്‍ക്ക് രാജ്യത്തെ ഓരോ കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലേയും വിവരങ്ങളില്‍ യഥേഷ്ടം ഒളിഞ്ഞു നോക്കാനാകും. മറ്റുള്ളവര്‍ക്ക് അയക്കുന്ന ഡാറ്റ പരിശോധിക്കാനല്ലാതെ അത് പിടിച്ചെടുക്കാനുള്ള അധികാരം രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുവരെ നല്‍കിയിട്ടില്ലായിരുന്നു. ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം നല്‍കുന്നത്. ഇതനുസരിച്ച് വ്യക്തികള്‍ ശേഖരിച്ചുവെച്ചതും നിര്‍മിച്ചതുമായ ഏത് വിവരവും ഈ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാം.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ ഉത്തരവെന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ വിശദീകരണം. രാജ്യസുരക്ഷ ഉറപ്പ് വരുത്തേണ്ടത് തന്നെ. എന്നാല്‍, ഇതിന് സംശയിക്കപ്പെടുന്ന വ്യക്തികളുടെ നീക്കങ്ങളും കമ്പ്യൂട്ടറുകളും നിരീക്ഷിക്കുകയല്ലാതെ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും നിരീക്ഷിക്കാന്‍ അനുവാദം നല്‍കുന്നത്, സ്വകാര്യത സുപ്രധാന മൗലികാവകാശങ്ങളിലൊന്നായി പ്രഖ്യാപിക്കുന്ന 2017ലെ സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ സ്വകാര്യതയും ഉള്‍പ്പെടുമെന്നാണ് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേന വിധിച്ചത്. അന്തസ്സിന്റെ അവിഭാജ്യഘടകമാണ് സ്വകാര്യത. ജീവിതത്തിലെ സുപ്രധാനവിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വയം നിര്‍ണയാവകാശവും സ്വകാര്യതയുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. ബഹുസ്വരതയും വൈവിധ്യവും നിലനിര്‍ത്താന്‍ സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖകളിലും സ്വകാര്യത മനുഷ്യാവകാശമായി വിലയിരുത്തുന്നുണ്ട്.

ആധുനിക സാങ്കേതിക വിദ്യകള്‍ പുരോഗമിച്ച ഇന്നത്തെ സാഹചര്യത്തില്‍ സ്വകാര്യതയുടെ സൂക്ഷിപ്പ് ഏറെ ശ്രമകരമാണ്. സ്വകാര്യത മൗലികാവകാശമായി അംഗീരിക്കപ്പെട്ടിട്ടും സൈബര്‍ ചാരക്കണ്ണുകള്‍ ഓരോ നിമിഷവും വ്യക്തിജീവിതത്തിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണെങ്കില്‍ പോലും, സ്വകാര്യതയുടെ നിരീക്ഷണം നിയമ വിധേയമാക്കുന്നത് വ്യക്തിസ്വാതന്ത്രത്തെ കൂടുതല്‍ അപകടത്തിലാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ അനുമതി കൂടാതെ നിരീക്ഷണം നടത്താനാകില്ലെന്ന് സര്‍ക്കാര്‍ പിന്നീട് നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ടെങ്കിലും ആധാറിന് വേണ്ടി ശേഖരിച്ച വ്യക്തികളുടെ ബായോമെട്രിക് വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നു കൊണ്ടിരിക്കെ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്ന കമ്പ്യൂട്ടര്‍, മൊബൈല്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായിരിക്കുമെന്ന് വിശ്വസിക്കുക വയ്യ.

പൗരന്മാരുടെ മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ലംഘിക്കുന്ന തരത്തിലുള്ള നടപടികളാണ് പൊതുവെ ഭരണകൂടങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. നാല് ദിവസം മുമ്പാണ് നരേന്ദ്രമോദിയേയും ഭരണകക്ഷിയായ ബി ജെ പിയേയും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാംഗ്‌ഖേമിയെ ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെവിമര്‍ശച്ചതിനായിരുന്നു യു പി പുര്‍കാസിയിലെ സോനു എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഭരണാധികാരികളെ ആരോഗ്യപരമായി വിമര്‍ശിക്കാന്‍ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ടെന്നിരിക്കെയാണ് ഇത്തരം അറസ്റ്റുകളും ഭരണകൂട പീഡനങ്ങളും വ്യാപകമായി നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദശീയ സുരക്ഷാ നിയമത്തെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണിതെല്ലാം. സര്‍ക്കാറിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങള്‍ യഥേഷ്ടം നിരീക്ഷിക്കാനുള്ള അനുമതി നല്‍കുന്നത് ഇത്തരം അറസ്റ്റുകളും ജനാധിപത്യ വിരുദ്ധമായ ഭരണകൂട നിലപാടുകളും വര്‍ധിക്കാനിടയാക്കും. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കാനും ചൂണ്ടിക്കാട്ടാനുമുള്ള പൗരന്മാരുടെ അവകാശം ഇതോടെ ഇല്ലാതാവും.

അരുതാത്തത് ചെയ്യുകയോ ജനങ്ങളോട് നീതികേട് കാണിക്കുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ തങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കന്നുണ്ടോയെന്നു ഭരണ കൂടങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടിവരുന്നതും ഭരണീയര്‍ എങ്ങനെ ചിന്തിക്കുന്നു, സംസാരിക്കുന്നുവെന്നൊക്കെ നിരീക്ഷിക്കേണ്ടി വരുന്നതും. പൗരന്മാര്‍ക്കുള്ള വ്യക്തിഗത സ്വാതന്ത്ര്യം ഇത്തരക്കാരെ സദാ ഉറക്കം കെടുത്തിക്കൊണ്ടിരിക്കും. ജനതാത്പര്യം മാനിച്ചു ഭരണചക്രം തിരിക്കുന്നവര്‍ക്കൊരിക്കലും ജനങ്ങളുടെ സ്വകാര്യതയെ ഭയക്കേണ്ടി വരില്ല.

Latest