Connect with us

National

ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറച്ചു; ഹജ്ജ് യാത്രാകൂലി ഗണ്യമായി കുറയും

Published

|

Last Updated

കോഴിക്കോട്: ഹജ്ജ് തീര്‍ഥാടകരുടെ വിമാനടിക്കറ്റിന്‍മേലുള്ള ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതോടെ ഹജ്ജ് യാത്രാക്കൂലിയില്‍ ഗണ്യമായ കുറവുണ്ടാകും. ഹജ്ജ് യാത്രികരേയുമായി പോകുന്ന ചാര്‍ട്ടേഡ് വിമാനങ്ങളെ സാധാരണ വിമാനങ്ങളായി കണക്കാക്കി ജിഎസ്ടി ഈടാക്കാനാണ് യോഗത്തില്‍ തീരുമാനമായതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് സിറാജ്‌ലൈവിനോട് പറഞ്ഞു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരെ നിലവില്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് കൊണ്ടുപോകുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവരുടെ നിരക്ക് നിലവില്‍ 18 ശതമാനമാണ്. ഈ വിമാനങ്ങളെ സാധാരണ വിമാനമായി കണക്കാക്കുന്നതോടെ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കുറയുമെന്ന് മന്ത്രി വ്യക്തമാക്കി. ആരാധാനാവശ്യത്തിന് പോകുന്ന എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് നിരക്കിന്‍മേലുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന ഹജ്ജ് തീര്‍ഥാടകരുടെ നിരക്ക് നിലവില്‍ തന്നെ അഞ്ച് ശതമാനമാണ്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പോകുന്നവര്‍ക്ക് സ്വകാര്യ ഹാജിമാരേക്കാള്‍ ടിക്കറ്റ് നിരക്ക് വരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഹജ്ജ് കമ്മിറ്റി വിമാനം ചാര്‍ട്ടര്‍ ചെയ്താണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി. അതുകൊണ്ട് തന്നെ ഈ വിമാനത്തില്‍ പോകുന്ന ഹാജിമാരും ഇതേ ജിഎസ്ടി നിരക്ക് നല്‍കേണ്ടിവരുന്നതാണ് പ്രശ്‌നം. അതേസമയം, സ്വകാര്യ ഗ്രൂപ്പുകള്‍ സാധാരണ ടിക്കറ്റായി ബുക്ക് ചെയ്യുന്നതിനാല്‍ ജിഎസ്ടി അഞ്ച് ശതമാനത്തില്‍ ഒതുങ്ങും.

ഈ സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന ഗവണ്‍മെന്റിനും ധനമന്ത്രി തോമസ് ഐസക്കിനും അദ്ദേഹം നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഹജ്ജ് കമ്മിറ്റി വഴി പോകുന്ന തീര്‍ഥാടകരുടെ നിരക്ക് പൂര്‍ണമായും ഒഴിവാക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. ഇക്കാര്യം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതായും ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്താന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം വേണ്ടതുണ്ടെന്നും കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

ഹജ്ജ് യാത്രികരുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സിറാജ്‌ലൈവിനോട് പറഞ്ഞു. ഇതിനായി പ്രയത്‌നിച്ച ധനമന്ത്രി തോമസ് ഐസക്കിനെയും തീരുമാനമെടുത്ത കേന്ദ്രഗവണ്‍മെന്റിനേയും അദ്ദേഹം അഭിനന്ദിച്ചു.

പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതിനാല്‍ 2019ലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് തന്നെ ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഉറപ്പാണ്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.