Connect with us

Kerala

എസ് എസ് എഫ് ദേശീയ സമ്മേളനം ഡല്‍ഹിയില്‍

Published

|

Last Updated

ബെംഗളൂരു: എസ് എസ് എഫ് ദേശീയ സമ്മേളനം ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഈമാസം 23ന് ബെംഗളൂരു ഐ ഇ ബി ഐ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 10ന് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഷംസുല്‍ ഹക്ക് ഖാദിരി, മുന്‍മന്ത്രി കെ റഹ്മാന്‍ ഖാന്‍ മുഖ്യാതിഥികളായി സംബന്ധിക്കും. എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഷൗക്കത്ത് നഈമി അല്‍ ബുഖാരി, ദേശീയ ജന. സെക്രട്ടറി കെ എം അബൂബക്കര്‍ സിദ്ദിഖ്, എന്‍ കെ എം ശാഫി സഅദി, എസ് എസ് എ ഖാദര്‍ ഹാജി സംസാരിക്കും.

ദേശീയതലത്തില്‍ സംഘടനയുടെ ശാക്തീകരണം, മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. മുസ്‌ലിം- ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാഭ്യാസ- സാംസ്‌കാരിക രംഗങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും എസ് എസ് എഫ് ദേശീയ തലത്തില്‍ ആവിഷ്‌കരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസ രംഗത്ത് എസ് എസ് എഫ് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനകം വലിയതോതിലുള്ള അംഗീകാരമാണ് നേടിയിട്ടുള്ളത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കി ധാര്‍മിക മൂല്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് എസ് എഫ് നല്‍കി വരുന്നത്. പ്രഖ്യാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Latest