Connect with us

Articles

ഇത് വെളിച്ചെണ്ണയല്ല

Published

|

Last Updated

2018 മെയ് മാസത്തില്‍ കേരളത്തില്‍ കച്ചവടം ചെയ്തിരുന്ന 45 ബ്രാന്‍ഡ് വെളിച്ചെണ്ണ ഇനങ്ങളില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 പ്രകാരം മായം ചേര്‍ത്തതാണെന്നു കണ്ടെത്തി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചതാണ്. പിന്നെ ഇതേ കാരണത്താല്‍ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നിരോധിച്ചു. ഇപ്പോള്‍ വീണ്ടും 74 ബ്രാന്‍ഡുകളെ ഈ മാസം നിരോധിച്ചിരിക്കുന്നു. ഇതോടെ 170 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കേരളത്തില്‍ വില്‍ക്കാന്‍ പാടില്ല.
ഓരോ തവണ നിരോധിക്കുമ്പോഴും പുതിയ ലേബലില്‍ പുതിയ ബ്രാന്‍ഡില്‍ വീണ്ടും വീണ്ടും മായം ചേര്‍ത്ത വെളിച്ചെണ്ണ പുറത്തിറങ്ങുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. വിചിത്രമായ കാര്യം തെങ്ങിന്റെ നാടായ കേരളത്തില്‍ മായം മൂലം വെളിച്ചെണ്ണ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായിരിക്കുന്നു എന്നതാണ്. മായം ചേര്‍ത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും ഉണ്ടാക്കി കേരളത്തില്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കുന്നു എന്നല്ലാതെ മായം ചേര്‍ത്ത വെളിച്ചെണ്ണ ഉണ്ടാക്കുന്നവര്‍ക്കും കച്ചവടം നടത്തുന്നവര്‍ക്കും മതിയായ ശിക്ഷ ലഭിക്കാത്തതുകൊണ്ടാണ് കുറ്റകൃത്യം ആവര്‍ത്തിക്കുന്നത് .

പക്ഷേ, ഇതിനിടയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ ഉപയോഗിക്കുന്ന നിരപരാധികളായ ഉപഭോക്താക്കള്‍ക്ക് മാരകമായ രോഗങ്ങളാണ് അവരറിയാതെ പിടിപെടുന്നത്. മായം ചേര്‍ത്ത് ഒരു ഭക്ഷ്യവസ്തു ഉണ്ടാക്കുന്നതിനും അത് വന്‍ ലാഭത്തില്‍ വില്‍ക്കുന്നതിനും കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടത്. മായം ചേര്‍ത്ത വെളിച്ചെണ്ണ ഉപയോഗിക്കുന്നതോടെ നിത്യരോഗികളായി തീരുന്നവരുടെ ദുരിതം നാം തിരിച്ചറിയണം.

വെളിച്ചെണ്ണയുടെ വില ഉയര്‍ന്നതോടെയാണ് വില കുറഞ്ഞ എണ്ണകളും മറ്റു രാസപദാര്‍ഥങ്ങളും വെളിച്ചെണ്ണയില്‍ ചേര്‍ത്തുവില്‍ക്കാന്‍ തുടങ്ങിയത്. മനുഷ്യനാണ് ഇത് ഉപയോഗിക്കുന്നതെന്ന ചിന്ത മായം ചേര്‍ക്കുന്നവര്‍ മറക്കുന്നു. വളരെ പൈശാചികമായ ഒരു പ്രവൃത്തിയാണ് മായം ചേര്‍ക്കല്‍. മായമായി ഉപയോഗിക്കുന്ന ചില വിഷ പദാര്‍ഥങ്ങളുടെ പേരുകേട്ടാല്‍ മായം ചേര്‍ക്കുന്നവര്‍ കണ്ണില്‍ ചോരയില്ലാത്തവരാണെന്നു തോന്നിപോകും. നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത പനകളുടെ കുരു ആട്ടിയ എണ്ണ, പാമോയില്‍, ആവണക്കെണ്ണ, എരുമക്കള്ളി എന്ന മെക്‌സിക്കന്‍ കളയുടെ വിത്ത് ആട്ടിയെടുക്കുന്ന എണ്ണ, മരോട്ടി എണ്ണ, റബ്ബര്‍കുരു എണ്ണ തുടങ്ങി എളുപ്പത്തില്‍ കിട്ടാവുന്ന വിലകുറഞ്ഞ എല്ലാ എണ്ണകളും വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നു. കൊപ്ര ആട്ടിക്കഴിയുമ്പോള്‍ ഉള്ള വെളിച്ചെണ്ണയുടെ നല്ല മണം മായ എണ്ണകളുടെ മുകളില്‍ നില്‍ക്കുന്നതിനാല്‍ അത്രവേഗമൊന്നും പിടിക്കപെടുകയില്ല. ഈ ദുഷ്ട ലാക്കാണ് മായക്കാരും കച്ചവടക്കാരും മുതലാക്കുന്നത്. വില കുറഞ്ഞ എണ്ണകള്‍ കൂടാതെ ക്രൂഡോയില്‍, പെട്രോളിയം പ്രൊഡക്ടുകള്‍ എന്നിവ സ്വേദനം നടത്തിക്കിട്ടുന്ന പാരഫിന്‍, ഹെക്‌സ്‌ഐന്‍ തുടങ്ങിയ മാരക രാസപദാര്‍ഥങ്ങളും വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊപ്രയില്‍ നിന്നും കൂടുതല്‍ എണ്ണ ലഭിക്കാന്‍ ചേര്‍ക്കുന്ന ആല്‍ക്കലോയ്ഡ് രാസപദാര്‍ഥങ്ങള്‍ ഇതിന് പുറമെയാണ്. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ ഉപയോഗം ക്യാന്‍സര്‍, തളര്‍വാതം, കരള്‍വീക്കം, ഗാള്‍ബ്ലാഡര്‍ ക്യാന്‍സര്‍, തലവേദന, കാഴ്ചശക്തി കുറയല്‍, ട്യൂമര്‍, ഹൃദ്രോഗം, ശ്വാസതടസ്സം, കാലിലെ മസില്‍ കുഴയില്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്.
ചില മനുഷ്യര്‍ക്ക് പണമുണ്ടാക്കാന്‍ ആര്‍ത്തി മൂക്കുമ്പോള്‍ നഷ്ടമാകുന്നത് നിരപരാധികളായ അനേകം ആളുകളുടെ ആരോഗ്യവും സമാധാനവുമാണ്. മായം ചേര്‍ത്ത ബ്രാന്‍ഡുകള്‍ നിരോധിക്കുന്നതില്‍ നിര്‍ത്താതെ ശിക്ഷാ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണം. സാധാരണക്കാരെ രക്ഷിക്കണം. മായമില്ലാത്ത വെളിച്ചെണ്ണ ഹൃദയത്തിന്റെ ആരോഗ്യത്തിനും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതായ മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് ഉള്ളതാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിനത്തില്‍ പെടുന്നവയാണ്. അതുകൊണ്ട് മായമില്ലാത്ത വെളിച്ചെണ്ണയിലെ ഈ കൊഴുപ്പ് നാഡീ വ്യവസ്ഥയുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണു താനും. വെളിച്ചെണ്ണ ഉപയോഗം അധികമായാലും ചില പ്രശ്‌നങ്ങളുണ്ട്. ചിലപ്പോഴൊക്കെ ചിലരില്‍ അലര്‍ജിക്കും വയറിളക്കത്തിനും കാരണമാകാറുണ്ട്. വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നറിയാന്‍ കലര്‍പ്പുള്ള വെളിച്ചെണ്ണ രണ്ടോ മൂന്നോ മിനിറ്റ് ചൂടാക്കുക. ചുവന്ന നിറം വന്നാല്‍ ആര്‍ഗോമോണ്‍ ഓയില്‍ അഥവാ എരുമക്കള്ളി എന്ന മെക്‌സിക്കന്‍ കളയുടെ വിത്തിന്റെ എണ്ണ ചേര്‍ത്തിട്ടുണ്ടെന്ന് നിശ്ചയിക്കാം. കുറച്ചു മായം ചേര്‍ത്ത വെളിച്ചെണ്ണ ഫ്രിഡ്ജില്‍ 30 മിനിറ്റ് വെച്ചാല്‍ കലര്‍പ്പു മേലെ പൊങ്ങി രണ്ട് പാളികള്‍ ഉണ്ടാകുന്നത് വ്യക്തമായി കാണാം. ഈ വര്‍ഷം തന്നെ 170 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കേരളത്തില്‍ നിരോധിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ മായം ചേര്‍ക്കുന്ന ലോബിയുടെ പ്രവര്‍ത്തനം നിര്‍ഭയം തുടരുന്നുണ്ടെന്ന് അനുമാനിക്കണം. അതിനായി നിയമത്തിലെ പഴുതുകളും രാഷ്ട്രീയ സ്വാധീനവും അവര്‍ ഉപയോഗിക്കുന്നു. അതു കൊണ്ടാണ് ഒരു പേര് പിടിക്കപെട്ടാലും മറ്റു പേരുകളില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വീണ്ടും സംസ്ഥാനത്ത് വില്‍പ്പനക്കെത്തുന്നത്. മായം ചേര്‍ക്കുന്ന ഈ ലോബിയുടെ പ്രവര്‍ത്തനം കേരളത്തില്‍ നിന്നും വേരോടെ പിഴുതെറിയണം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ രക്ഷിക്കണം.

ഒപ്പം സ്വയം സുരക്ഷക്ക് ജനങ്ങളും വഴി അന്വേഷിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള വെളിച്ചെണ്ണ മില്ലുകളില്‍ നിന്ന് ആട്ടിയെടുക്കാം. ഇതിന് തേങ്ങ ഉണക്കി കൊപ്രയാക്കി മില്ലുകളില്‍ കൊണ്ടുപോകണം. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ കുറഞ്ഞ തൂക്കം കൊപ്രയും ആട്ടിക്കൊടുക്കുന്നുണ്ട്. പണ്ടൊക്കെ വീടുകളില്‍ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ടായിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കുറക്കാന്‍ ശ്രദ്ധിക്കാം. വിശ്വാസമുള്ള മില്ലുകാരെ സമീപിക്കുകയുമാകാം.