ആര്‍എസ്എസിന് കൂട്ട് നില്‍ക്കുന്ന നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയായിരിക്കും ;എന്‍എസ്എസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി കോടിയേരി

Posted on: December 21, 2018 10:06 am | Last updated: December 21, 2018 at 12:55 pm

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമഴിച്ചുവിട്ടുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാനുള്ള എന്‍എസ്എസിന്റെ ആഹ്വാനം സംഘടനയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും ആര്‍എസ്എസിന് കൂട്ട് നില്‍ക്കുന്ന നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയായിരിക്കുമെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു.

അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കരുത്. വനിതാ മതിലില്‍ തെളിയുന്നത് മന്നത്തിന്റേയും ചട്ടമ്പി സ്വാമിയുടേയും ആശയമാണ്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍എസ്എസ് നേതാവില്‍ കാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചന സമരത്തിന്റെ നേത്യപദവി വഹിച്ചിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ആ വെളിച്ചത്തിലൂടെ എന്‍എസ്എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പുലര്‍ത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് എന്‍എസ്എസ് നേതാവ് നല്‍കുന്നതെന്ന് ചില മാധ്യമ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ കോടിയേരി തുടര്‍ന്നു പറയുന്നുണ്ട്.