റണ്‍വേക്കു മുകളില്‍ ഡ്രോണുകള്‍ പറന്നു; ബ്രിട്ടനിലെ ഗാറ്റ്വിക് വിമാനത്താവളം അടച്ചു

Posted on: December 20, 2018 9:54 pm | Last updated: December 21, 2018 at 10:54 am

ലണ്ടന്‍: റണ്‍വേക്കു മുകളില്‍ അപ്രതീക്ഷിതമായി ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്ന് തീവ്രവാദി ആക്രമണം ഭയന്ന് ബ്രിട്ടനിലെ ഗാറ്റ്വിക് വിമാനത്താവളം ഇന്നലെ രാത്രി അടച്ചു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രമെ വിമാനത്താവളം തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി.

ബ്രിട്ടനിലെ തിരക്കേറിയ വിമാനത്താവളമായ ഗാറ്റ്വികിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നു വരുന്ന വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.
ഇന്നലെ രാത്രി ഒമ്പതോടെയാണ് റണ്‍വേക്കു മുകളില്‍ ഡ്രോണുകള്‍ പറന്നത്. ഇതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ തുറന്നെങ്കിലും ഡ്രോണുകള്‍ വീണ്ടും ശ്രദ്ധയില്‍ പെട്ടതോടെ അധികം വൈകാതെ വിമാനത്താവളം അടച്ചു.

ഡ്രോണുകള്‍ പറത്തിയതിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ലെങ്കിലും തീവ്രവാദ ഭീഷണിക്കുള്ള സാധ്യതയില്ലെന്നാണ് പോലീസ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കാനാകുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.