രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണമോ വിവരങ്ങളോ നല്‍കാനാകാതെ കേന്ദ്ര കൃഷി മന്ത്രി

Posted on: December 20, 2018 8:37 pm | Last updated: December 21, 2018 at 10:54 am

ന്യൂഡല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ എത്രയെന്നറിയാതെ കേന്ദ്ര കൃഷി മന്ത്രിയും സര്‍ക്കാറും. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍. അംഗം ദിനേഷ് ത്രിവേദിയുടെ ചോദ്യത്തിനു മറുപടി പറയവെയാണ് 2016 മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് വ്യക്തമാക്കിയത്.

2016 മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണവും ഇവരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തു പദ്ധതികളാണ് തയാറാക്കിയത് എന്നീ ചോദ്യങ്ങളാണ് ദിനേഷ് ത്രിവേദി ഉന്നയിച്ചത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും രേഖപ്പെടുത്തി വച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വളരെ ലാഘവത്തോടെയുള്ള മറുപടി.

കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ തയാറാക്കേണ്ട ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ വെബ് സൈറ്റില്‍ 2015നു ശേഷമുള്ള വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സമാശ്വാസ നടപടികള്‍ സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊണ്ടതായി ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചു പറയാന്‍ കഴിയുമെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.