Connect with us

Kerala

വനിതാ മതില്‍: ആരെയും നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കാളിയാക്കില്ലെന്നും പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സര്‍ക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പരിപാടിക്കു പിന്നിലെന്ന് ആരോപിച്ച് ലഭിച്ച ഹരജികളുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ ബജറ്റില്‍ 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയുന്ന പരിപാടിയുടെ ഭാഗമാണ് വനിതാ മതില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ ഈ തുക വിനിയോഗിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സ്ത്രീകളെ വിമോചിപ്പിച്ച് അവരെ പൊതു ധാരയിലേക്ക് കൊണ്ടുവരിക എന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ലിംഗ വിവേചനം അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ പ്രത്യക്ഷമായി നടത്തുന്ന പരിപാടി മാത്രമാണ് വനിതാ മതില്‍. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുമ്പാകെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.

Latest