Connect with us

Kerala

മതി, ഹര്‍ത്താല്‍; ഇന്ന് വ്യാപാരി, വ്യവസായി യോഗം

Published

|

Last Updated

കോഴിക്കോട്: ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ വ്യാപാര, വ്യവസായ മേഖലയിലെ പ്രതിനിധികളും ബസുടമകളും ഇന്ന് കോഴിക്കോട്ട് യോഗം ചേരും. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് വാണിജ്യ വ്യാപാര മേഖലയിലുള്ളവര്‍ ഒത്തുചേരുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായാലും പതിവ് പോലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം.

തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് കാരണം വന്‍ നഷ്ടമാണ് വ്യാണിജ്യ- വ്യവസായ മേഖലയിലുണ്ടാകുന്നത്. ഇനി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ പതിവു പോലെ പ്രവര്‍ത്തിക്കുന്നതിനും സ്വകാര്യ ബസുകള്‍ ഓടിക്കുന്നതിനുമാണ് പുതിയ കൂട്ടായ്മ ലക്ഷ്യമിടുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകള്‍ ഇനി ഈ കൂട്ടായ്മയാണ് നടത്തുക. ഇതുവഴി ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെ മറികടക്കാന്‍ കഴിയും.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിയുണ്ട്. എന്നാല്‍, കേസ് കൊടുക്കാന്‍ ഓരോ സ്ഥാപനങ്ങള്‍ക്കായി കഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പുറമെ സി പി എം പിന്തുണയുള്ള വ്യാപാരി വ്യവസായി സമിതിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, പെട്രോളിയം ഡിലേഴ്‌സ് അസോസിയേഷന്‍, ബേക്കറി അസോസിയേഷന്‍ തുടങ്ങി 32 സംഘടനകളാണ് ഇന്ന് കോഴിക്കോട്ട് യോഗം ചേരുന്നത്.
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുള്ള ഒരു സമരത്തിലും പങ്കെടുക്കേണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Latest