Connect with us

National

ഒടുവില്‍ അന്‍സാരി മോചിതനായി; പാക് ജയിലില്‍ കഴിയേണ്ടി വന്നത് ആറു വര്‍ഷം

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃതമായി രാജ്യത്തു പ്രവേശിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ ആറു വര്‍ഷത്തോളം ജയിലിലിട്ട ഇന്ത്യന്‍ പൗരന്‍ ഹമീദ് അന്‍സാരി മോചിതനായി നാട്ടില്‍ മടങ്ങിയെത്തി. അത്താരി-വാഗ അതിര്‍ത്തിയിലൂടെ ഇവിടെയെത്തിയ അന്‍സാരിയെ സ്വീകരിക്കാന്‍ പിതാവ് നെഹല്‍, മാതാവ് ഫൗസിയ എന്നിവരുള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ഇന്ത്യ-പാക് സാഹോദര്യത്തിനു വേണ്ടി നിലകൊള്ളുന്ന നിരവധി ആക്ടിവിസ്റ്റുകളും രാഷ്ട്രീയ വ്യക്തിത്വങ്ങളും എത്തിയിരുന്നു.

2012 നവം: 12ന് സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ അന്‍സാരിയെ മതിയായ രേഖകളില്ലെന്നതിനാല്‍ പാക് ഇന്റലിജന്‍സ് ഏജന്‍സി അറസ്റ്റു ചെയ്യുകയായിരുന്നു. ജോലി ആവശ്യാര്‍ഥം അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്കു പോയിരുന്ന അന്‍സാരിയെ കുറിച്ച് കുറെക്കാലം കുടുംബത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.

പരിചയപ്പെട്ട പെണ്‍കുട്ടിയെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്നു രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ അഫ്ഗാനിലെ ജലാലബാദ് അതിര്‍ത്തിയിലൂടെ പെഷവാറിലെത്തിയത്. അറസ്റ്റിലായി സൈനിക കോടതിയില്‍ ഹാജരാക്കപ്പെട്ട അന്‍സാരിയെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ശിക്ഷ കാലാവധി 2015ല്‍ അവസാനിച്ചിരുന്നുവെങ്കിലും അതിനു ശേഷവും അന്‍സാരിക്കു ജയിലില്‍ തന്നെ കഴിയേണ്ടി വന്നു. നയതന്ത്ര നീക്കങ്ങളും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലും മറ്റുമാണ് അന്‍സാരിയുടെ മോചനത്തിനു വഴി തെളിച്ചത്.

Latest