ശബരിമല ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്ക് അനുമതി

Posted on: December 17, 2018 6:30 pm | Last updated: December 17, 2018 at 6:30 pm

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ നാല് ഭിന്നലിംഗക്കാര്‍ക്ക് പോലീസ് അനുമതി നല്‍കി. ഇന്നലെ, ഇവര്‍ മലകയറാനായി എത്തിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് പരാതി നല്‍കി. ഇതെ തുടര്‍ന്നാണ് ഇവര്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

കോട്ടയം, എറണാകുളം സ്വദേശികളായ അനന്യ, തൃപ്തിഷെട്ടി, അവന്തിക, രഞ്ജു എന്നിവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിച്ചത്. ഇന്നലെ പമ്പയിലേക്ക് തിരിക്കാന്‍ ശ്രമിച്ച ഇവരെ എരുമേലി പോലീസ് സ്റ്റേഷനിലെത്തിക്കുകയും പിന്നീട് കോട്ടയത്തേക്ക് തിരച്ചയക്കുകയുമായിരുന്നു. സ്ത്രീ വേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.
നിലവിലെ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും നിലവില്‍ സമാധാന പരമായ ശബരിമല തീര്‍ഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസിന്റെ വാദം.
ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് എരുമേലി പോലീസ് ഇവരെ ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് രാത്രി ഒന്നരയോടെ കൊച്ചിയില്‍ നിന്ന് എരുമേലിയിലെത്തിയ ഇവരോട് സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് അറിയിച്ചെങ്കിലും സംഘം അതിന് തയാറായില്ല. തുടര്‍ന്നാണ് ദര്‍ശനത്തിന് നടത്താതെ സംഘം മടങ്ങിയത്.

അതേസമയം, ശബരിമലയിലേക്ക് പോകാന്‍ പ്രത്യേകിച്ച് വിലക്കൊന്നുമില്ലെന്നിരിക്കെ പോലീസ് മോശമായാണ് സംസാരിച്ചതെന്നും തങ്ങളുടെ സ്വത്വത്തെയാണ് ചോദ്യം ചെയ്തതെന്നും ഇവര്‍ ആരോപിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘം കോട്ടയം എസ് പിക്ക് പരാതി നല്‍കുകയും ചെയ്തു.