ഖലീല്‍ തങ്ങള്‍ മത സൗഹാര്‍ദ്ധത്തിന്റെ അംബാസിഡര്‍: മന്ത്രി കെ.ടി ജലീല്‍

Posted on: December 16, 2018 10:15 pm | Last updated: December 16, 2018 at 10:15 pm

കോഴിക്കോട്: ചുരുങ്ങിയ കാലയളവില്‍ വിദ്യാഭ്യാസ കാരുണ്യ രംഗത്ത് മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ മുന്നില്‍ നിന്ന് നയിച്ച ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മത സൗഹാര്‍ത്തിന്റെ അംബാസിഡറാണെന്നും അദ്ദേഹത്തിന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളെ എന്നും അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിച്ചിട്ടുള്ളുവെന്നും മന്ത്രി കെ.ടി ജലീല്‍. ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കുള്ള ജന്മനാടിന്റെ ആദരവ് പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സംസ്‌കൃതിയുമായി ഇസ്‌ലാമിനെ ബന്ധിപ്പക്കുന്നതില്‍ സാദാത്തുക്കള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബുഖാരി സാദാത്തുക്കളും മമ്പുറം തങ്ങളും ഉദാഹരണം മാത്രം. കോന്തുനായരെ തന്റെ കാര്യസ്ഥനാക്കിയതിലൂടെ മമ്പുറം തങ്ങള്‍ നല്‍കിയത് മാനവികതയുടെ ഉത്തമ മാതൃകയാണ്. 52 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവ സമ്പത്തുമായി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുമ്പോള്‍ ഈ മാതൃക ദര്‍ശിക്കാനാകും. മലപ്പുറത്ത് നിന്ന് പാവപ്പെട്ടവന് രാജ്യാന്തര യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിന് അവസരമൊരുക്കുന്നതിലും ലോകോത്തര ഭാഷകള്‍ മലപ്പുറത്തേക്ക് കൊണ്ട് വരുന്നതിനും തങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഐക്യരാഷ്ട്ര സഭയില്‍ തലപ്പാവ് ധരിച്ച് വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ഈ രാജ്യത്തിന് അഭിമാനമാണ്. ഈ തടിച്ച് കൂടിയ ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തെ ജനം എങ്ങനെ സ്വീകരിച്ചു എന്നതിന്റെ വ്യക്തമായ മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദരവ് സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടം ചെയ്തു. മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയായി. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എ.പി.അബ്ദുല്‍ കരീം ഹാജി അദ്ധ്യക്ഷത വഹിച്ചു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എം.കെ.രാഘവന്‍ എം.പി, വി.കെ.സി മമ്മദ് കോയ എം.എല്‍.എ, മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍ സാഹിബ്, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ കോയ ജമലുല്ലൈലി, സയ്യിദ് കെ.വി.തങ്ങള്‍, സയ്യിദ് അബ്ദുള്ള ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി,സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി,സയ്യിദ് സ്വാലിഹ് തുറാബ്, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, എസ്.എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ ഫാറൂഖ് നഈമി, പകര മുഹമ്മദ് അഹ്‌സനി,പ്രഫസര്‍ എ.കെ.അബ്ദുല്‍ ഹമീദ്, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്കുമാര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, സിദ്ദീഖ് സഖാഫി അരിയൂര്‍, ഡോ മുഹമ്മദ് ഹനീഫ, എന്‍.വി. ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി. ഡോ സി സോമനാഥന്‍ , അഡ്വ. നസീര്‍ ചാലിയം എന്നിവര്‍ പ്രസംഗിച്ചു.

വൈകുന്നേരം നാലിന് കടലുണ്ടി നഗരം ജമലുല്ലൈലി മഖാം സിയാറത്തിന് ശേഷം ആയിരങ്ങളുടെ അകമ്പടിയോടെ ഖലീല്‍ ബുഖാരി തങ്ങളെ പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചു.