Connect with us

National

മുഖ്യമന്ത്രിമാരുടെ സ്ഥാനാരോഹണം; എ എ പിയെ ചടങ്ങിലേക്കു ക്ഷണിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ച് കോണ്‍ഗ്രസ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസും എ എ പിയും ഒരുമിച്ചു പോരാടുമെന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടെയാണിത്. പാര്‍ട്ടി പ്രതിനിധിയായി രാജസ്ഥാനിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ എ പിയുടെ പാര്‍ലിമെന്റ് അംഗം സഞ്ജയ് സിംഗ് വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോത്, മധ്യപ്രദേശില്‍ കമല്‍നാഥ്, ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭഗേല്‍ എന്നിവരാണ് നാളെ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

2019ല്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചുവരുന്നതു തടയുകയാണ് എ എ പിയുടെ പ്രധാന ലക്ഷ്യമെന്നും ഇതു മുന്‍നിര്‍ത്തി മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും ഇന്നലെ ഡല്‍ഹി നിയമസഭയില്‍ സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുമായാണ് സഖ്യം രൂപവത്കരിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

70 അംഗ ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസിനു പ്രാതിനിധ്യമില്ല. ബി ജെ പിയുടെ നാലംഗങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ശക്തമായ ആധിപത്യമാണ് എ എ പിക്കു സഭയിലുള്ളത്.