വനിതാ മതിലിനെതിരെ വിഎസ് കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു

Posted on: December 16, 2018 5:18 pm | Last updated: December 16, 2018 at 7:15 pm

ന്യൂഡല്‍ഹി: എല്‍ഡിഎഫ് സര്‍ക്കാറിന്റെ വനിതാ മതിലിനെതിരെ വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു. ജാതി സംഘടനകളുമായി കൈകോര്‍ത്ത് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ വൈരുധ്യമുണ്ടെന്ന് വിഎസ് കത്തില്‍ പറയുന്നുണ്ട്. നവോത്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായ നടപടികളിലേക്ക് പോകുന്നത് ആത്മഹത്യപരമാണെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

ആര്‍എസ്എസിനെ എതിര്‍ക്കുകയും നായര്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാന്‍ കഴിയില്ല. ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയവും സംഘടനാപരവുമായി ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജാതി , സമുദായ സംഘടനകളുമായി ചേര്‍ന്ന് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരുധ്യമാണ്- വിഎസ് കത്തില്‍ പറയുന്നു.