ആകാശവാണിയില്‍ അറബിക് വാര്‍ത്തകള്‍ ഉള്‍പ്പെടുത്തണം: സി മുഹമ്മദ് ഫൈസി

Posted on: December 16, 2018 8:33 am | Last updated: December 16, 2018 at 8:33 am

കോഴിക്കോട്: ആകാശവാണിയില്‍ അറബിക് വാര്‍ത്തകള്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബിഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആകാശവാണിയില്‍ മുമ്പ് ചില അറബി പരിപാടികളുണ്ടായിരുന്നു. ഇന്നതില്ല. അറബിക് പരിപാടി തുടങ്ങുന്നത് ഭാഷയോടും വിദേശത്ത് ജോലി ചെയ്യുന്നവരോടും ചെയ്യുന്ന നീതി മാത്രമായിരിക്കും. മുസ്‌ലിംകളുടെ മതപരമായ ഭാഷ മാത്രമാണ് അറബി എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയാണ് അറബി. ഇസ്‌റാഈല്‍ അടക്കം 26 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. ഗ്രീക്ക്, സംസ്‌കൃത ഭാഷകളിലെ പ്രാചീന ഗ്രന്ഥങ്ങള്‍ ആധുനികര്‍ക്ക് സാധ്യമാക്കിയതും അറബിയാണ്. അതുപോലെ മറ്റു പല ഭാഷകളുടെയും ലിപിയും അറബി ലിപിയാണ്. ഇതുകൊണ്ട് തന്നെ ഇതര മതസ്ഥര്‍ക്കും അറബിഭാഷ പരിചയപ്പെടുത്തുന്നതിന് ഉതകുന്ന ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ യൂനിവേഴ്‌സിറ്റികള്‍ തയ്യാറാകണം. അതിജയിക്കാനാകാത്ത സാഹിത്യ ഭാഷയായ അറബി സ്വന്തമാക്കിവെക്കാതെ ലോകത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികള്‍ വേണം. വിശാലവും സാംസ്‌കാരിക സമ്പന്നവുമായ അറബി സ്‌കൂളുകളില്‍ നിന്നു പോലും അന്യംനില്‍ക്കുന്ന പ്രവണതയുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് ഐക്യരാഷ്ട്ര സഭ അറബിക് ദിനാചരണ പരിപാടി നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അറബിക് ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ഒ റഹീം അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക ഐ സി ടി അവാര്‍ഡ് ജേതാവ് പി അബ്ദുര്‍റഹ്മാന് എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. എ സഫീറുദ്ദീന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഡി ഇ ഒ. വി പി മിനി, എ ഇ ഒ. ടി അഹ്മദ് കുട്ടി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ ബി മധു, കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്‌റാഹീം മുതൂര്‍, കെ എ എം എ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍, എറണാകുളം ഐ എം ഇ. പി എം ഹമീദ്, മുന്‍ എ എസ് ഒ. പി എം സൈനുദ്ദീന്‍ പ്രസംഗിച്ചു. ഡി ഡി ഇ. ഇ കെ സുരേഷ് കുമാര്‍ സ്വാഗതവും എം പി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.