അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: ക്രിസ്റ്റ്യന്‍ മിഷേലിന്റെ സിബിഐ കസ്റ്റഡി നീട്ടി

Posted on: December 15, 2018 7:48 pm | Last updated: December 15, 2018 at 10:18 pm

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹി സിബിഐ കോടതി നാല് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. സ്വിറ്റ്‌സര്‍ലന്റിലും ഇറ്റലിയിലും മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകയെന്ന വാദവുമായെത്തിയ റോസ് മേരി പട്രിസിയെ മിഷേലുമായി പത്ത് മിനിട്ട് സംസാരിക്കാന്‍ കോടതി അനുവദിച്ചു. സിബിഐ എതിര്‍പ്പ് അവഗണിച്ചാണിത്. എന്നാല്‍ കസ്റ്റഡിയില്‍ മിഷേലിനെ കാണണമെന്ന അഭിഭാഷകയുടെ ആവശ്യം കോടതി തള്ളി.മുംബൈയില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഡിസംബര്‍ നാല് ചൊവ്വാഴ്ച രാത്രിയിലാണ് ദുബൈയില്‍ നിന്ന് മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചത്. ഇന്ത്യക്ക് കൈമാറരുതെന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആവശ്യം ദുബൈയിലെ കോടതി കഴിഞ്ഞ മാസം നിരസിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 225 കോടി രൂപ മിഷേല്‍ സ്വീകരിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം നേരിടുന്ന മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് മിഷേല്‍.

കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് പന്ത്രണ്ട് വി വി ഐ പി ഹെലിക്കോപ്റ്റര്‍ വാങ്ങുന്നതിനുള്ള കരാര്‍ 2014 ജനുവരി ഒന്നിനാണ് മരവിപ്പിച്ചത്.