ഗോ എയര്‍ കണ്ണൂര്‍- അബുദാബി മസ്‌കത്ത്, ദമാം സര്‍വീസിന് അനുമതി

Posted on: December 15, 2018 10:28 am | Last updated: December 15, 2018 at 4:30 pm

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. കണ്ണൂരില്‍ നിന്നും അബുദാബി കൂടാതെ രണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വിമാന സര്‍വീസ് നടത്താനുള്ള അനുമതി മന്ത്രാലയം നല്‍കിയിട്ടുണ്ട്.

മസ്‌കത്ത്, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് അനുമതിയാണ് ഗോ എയറിന് ലഭിച്ചത്. പുതുവര്‍ഷ സമ്മാനമെന്നോണം ജനുവരി ആദ്യ വാരത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് ഗോ എയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അബുദാബിയില്‍ നിന്നും രണ്ടാമത്തെ വിമാനത്തിനാണ് കണ്ണൂരിലേക്ക് അനുമതി ലഭിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം മുതല്‍ കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. നിലവില്‍ അബുദാബിയില്‍ നിന്നും ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തുന്നത്. ഇത് ദിവസവും നടത്താനുള്ള അനുമതിക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ അബുദാബിയില്‍ നിന്നും എല്ലാദിവസവും കണ്ണൂരിലേക്ക് സര്‍വീസുണ്ടാകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.