Connect with us

Sports

കൈയാങ്കളി കഴിഞ്ഞു; ഇനി കളി

Published

|

Last Updated

കോഴിക്കോട്: പരിശീലന മൈതാനത്തെ ചൊല്ലി ഗോകുലം എഫ് സിയും റിയല്‍ കശ്മീരും തമ്മില്‍ കൈയാങ്കളിയും വാക്കേറ്റവും. ഐ ലീഗില്‍ രണ്ട് ടീമുകളും തമ്മില്‍ ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടാനിരിക്കെയായിരുന്നു പ്രശ്‌നങ്ങള്‍. റിയല്‍ കാശ്മീരിനെ ഗോകുലം എഫ് സി അപമാനിച്ചുവെന്നാരോപിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തതോടെ പ്രശ്‌നം ദേശീയ ശ്രദ്ധയിലെത്തി.
മത്സരത്തിന് മുന്നോടിയായി മെഡിക്കല്‍ കോളജ് ഗ്രൗണ്ടായിരുന്നു ഇരു ടീമുകള്‍ക്കും പരിശീലനത്തിനായി അനുവദിച്ചത്. എന്നാല്‍ രാവിലെ പത്ത് മണിയോടെ ഗ്രൗണ്ടിലേക്ക് പോകാനുള്ള വാഹനം വൈകിയെന്നാരോപിച്ച് റിയല്‍ കശ്മീര്‍ താരങ്ങള്‍ ഇന്ന് കളി നടക്കുന്ന ഗോകുലം എഫ് സിയുടെ ഹോം ഗ്രൗണ്ടായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തുകയായിരുന്നു.
എന്നാല്‍ കളിയുടെ തലേ ദിവസം ഗ്രൗണ്ട് പരിശീലനത്തിന് നല്‍കാനാകില്ലെന്ന് ഗോകുലം അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്‌റ്റേഡിയത്തിലെ പ്രധാന കവാടത്തിന് മുന്നിലെത്തിയ കളിക്കാരും പരിശീലകന്‍ ഡേവിഡ് റോബര്‍ട്ട്‌സെണും ഒഫീഷ്യല്‍സും അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു.

ഗോകുലം സി ഇ ഒ ആയ അശോക് കുമാര്‍ കയറാന്‍ പാടില്ലെന്ന് അറിയിച്ചപ്പോള്‍ ഇദ്ദേഹത്തെ കശ്മീര്‍ എഫ് സി താരങ്ങള്‍ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇത് മൊബൈലില്‍ പകര്‍ത്തിയ ഗ്രൗണ്ട് സ്റ്റാഫ് ഹമീദിന്റെ മൊബെല്‍ ഫോണ്‍ താരങ്ങള്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കോച്ച് ഉള്‍പ്പെടെയുള്ളവരെയും മര്‍ദിച്ചുവെന്നും ഗോകുലം പരാതിപ്പെട്ടു. എന്നാല്‍ തങ്ങളെ അപമാനിച്ചെന്നും പരിശീലനത്തിന് അനുവദിച്ചില്ലെന്നും കൈയേറ്റം ചെയ്ത് പുറത്താക്കിയെന്നും റിയല്‍ കശ്മീര്‍ ടീം പരാതിപ്പെട്ടു. എതിര്‍ ടീം മര്‍ദിച്ചുവെന്നും ഗ്രൗണ്ട് തന്നില്ലെന്നും കാണിച്ച് റിയല്‍ കശ്മീര്‍ ടീമംഗങ്ങള്‍ പരാതിപ്പെട്ടതോടെയാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.

ടീമിന് സുരക്ഷ ഒരുക്കണമെന്നും ഇന്ന് സുരക്ഷിതമായി കളിക്കാനാകുമെന്ന് ഉറപ്പില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അതേസമയം മത്സരം നടക്കുന്ന സ്‌റ്റേഡിയം ഗ്രൗണ്ട് വിട്ടു നല്‍കാത്തതിലെ അമര്‍ഷമാണ് ടീമംഗങ്ങള്‍ പരാതിപറഞ്ഞ് വിവാദമാക്കിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ വ്യക്തമാക്കി.

അതേസമയം മത്സരത്തലേന്ന് ഹോം ഗ്രൗണ്ട് പരിശീലനത്തിന് നല്‍കാനാകില്ലെന്ന് കാശ്മീര്‍ ടീമിനെ അറിയിച്ചിരുന്നുവെന്ന് ഗോകുലം അധികൃതര്‍ അറിയിച്ചു. സംഭവം സംബന്ധിച്ച് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഗോകുലം അറിയിച്ചു. സംഭവം ദേശീയ തലത്തിലെത്തിയതോടെ മാച്ച് കമീഷണര്‍ സഞ്ജയ് കുമാര്‍ ഇടപെട്ട് ഇരു ടീമുകളെയും സമാധാനിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

പത്രസമ്മേളനത്തിലെത്തിയ റിയല്‍കാശ്മീര്‍ കോച്ച് ഡേവിഡ് റോബര്‍ട്ട്‌സെണ്‍ സംഭവത്തിലെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇന്നത്തെ കളിയെ ബാധിക്കില്ലെന്ന് ഇരുടീമുകളുടെയും കോച്ചുമാര്‍ വ്യക്തമാക്കി.

Latest