രാജ്യം ജയിച്ചു വരുന്ന വഴികള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് 2019ലെ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് എന്നത് വെറും മാധ്യമ വിശേഷണമല്ല. അതിലുപരി ബി ജെ പി ഇന്ത്യന്‍ ജനാധിപത്യത്തിലും ബഹുസ്വരതയിലും നട്ട തീവ്രഹൈന്ദവ വിഷവിത്തിന്റെ വിളവെടുപ്പിന്റെ പരീക്ഷണം കൂടിയായിരുന്നു. നിലവിലെ അവസ്ഥയില്‍ ബോധപൂര്‍വം അവര്‍ ഉണ്ടാക്കിയ വിഭാഗീയതയും മുസ്‌ലിം ജനസമൂഹത്തെ ലക്ഷ്യം വെച്ചുള്ള അപരവത്കരണവും സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടുത്ത ഭീഷണിയാണ് എന്ന തിരിച്ചറിവിന്റെ ഫലം കൂടിയാണ് ബി ജെ പി നേരിട്ട ഈ പരാജയം. ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൊതുവായ വിലയിരുത്തലാണ്. അതിനെക്കാള്‍ വലിയ രാഷ്ട്രീയ കാരണങ്ങള്‍ ഈ പരാജയത്തിന്റെ ഭാഗമായിട്ടുണ്ട്. മധ്യപ്രദേശിലാണ് അതിന്റെ നിരവധി ദൃഷ്ട്ടാന്തങ്ങള്‍ കാണാന്‍ കഴിയുക.
Posted on: December 15, 2018 1:29 pm | Last updated: December 15, 2018 at 1:29 pm

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹനീയത ചരിത്രം നിരവധി ഘട്ടങ്ങളില്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിലെ രാഷ്ട്രീയ സാധ്യതകളും അതുണ്ടാക്കുന്ന തിരിച്ചറിവിന്റെ ബോധ്യങ്ങളും രാജ്യത്തിന്റെ നിലനില്‍പ്പിനാവശ്യമായ അടിസ്ഥാന ശിലകളാണ്. ഇത് ബോധ്യപ്പെടുത്തിയ വലിയ അനുഭവം അടിയന്തരാവസ്ഥക്കുശേഷം ഇന്ത്യ കണ്ടതാണ്. കിരാതമായ ഭരണകൂട ഭീകരതക്കെതിരെ രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് ജനാധിപത്യത്തിന്റെ അതിവിശാലമായ രാഷ്ട്രീയ ഇടങ്ങളില്‍ നിന്നാണ്. അതിനുശേഷം ജനാധിപത്യത്തില്‍ ഭരണകൂട താത്പര്യങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായപ്പോഴും ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷ ജനാധിപത്യ അവകാശങ്ങളില്‍ തന്നെയാണ്. ആമുഖമായി ഇത്രയും പറയേണ്ടി വന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി കണ്ടുവരുന്ന ഹിന്ദുത്വ ദേശീയവാദവും ഇതര മതസ്ഥര്‍ക്ക് നേരെയുള്ള അപരവത്കരണവും ആക്രമണവും ഉണ്ടാക്കിയ ഭീതിയില്‍ നിന്നും ഇന്ത്യന്‍ ജനത രാഷ്ട്രീയമായ മോചനം ആഗ്രഹിക്കുന്നു എന്ന് തെളിയിക്കപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. ജനത്തിന് ആവശ്യം മതത്തെ വൈകാരികമായി നിലനിര്‍ത്തിയുള്ള ഇടപെടലുകളല്ല. മറിച്ച് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലുള്ള ഭരണകൂടത്തിന്റെ ശ്രദ്ധയും പരിഹാരങ്ങളുമാണ്. അത് സാധ്യമാകാത്ത രാഷ്ട്രീയ സംവിധാനങ്ങളെ തിരസ്‌കരിക്കുക എന്നത് ജനാധിപത്യത്തിന്റെ പൊതു സ്വഭാവമായി മാറിയതിന്റെ തെളിവാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
ഒരു തവണ കൂടി ഇന്ത്യന്‍ ഭരണസാരഥ്യം ഹിന്ദുത്വ ദേശീയവാദികള്‍ക്ക് കിട്ടിയാല്‍ നിലവിലെ ഇന്ത്യയുടെ ചരിത്രവും ജനാധിപത്യ അവകാശങ്ങളും കുഴി വെട്ടിമൂടാനുള്ള സാധ്യത കുറവല്ല. ഇത് ഏറെക്കുറെ ഇന്ത്യന്‍ ജനത മനസ്സിലാക്കിയതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ബി ജെ പി ഇതര പാര്‍ട്ടികള്‍ നേടിയ വിജയം തത്വത്തില്‍ ബി ജെ പിയോടുള്ള ഇന്ത്യന്‍ ജനതയുടെ വീക്ഷണത്തെയാണ് കാണിക്കുന്നത്. ഇത്ര പെെട്ടന്ന് ഇത്തരമൊരു തിരിച്ചടി ഇവര്‍ പ്രതീക്ഷിച്ചതല്ല. കാരണം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്ട്രീയ ഒരുക്കങ്ങള്‍ ഹിന്ദുത്വവാദികളുടെ വിവിധ വിഭാഗങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. ഓരോ സംസ്ഥാനങ്ങളിലും അവിടത്തെ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടിനെ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ത്തു കൊണ്ടാണ് ആ പടയോട്ടത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴും അത് തുടരുകയാണ്. ഉത്തരേന്ത്യയില്‍ അത് ജാതിയുടെയും വര്‍ഗീയതയുടെയും വിളവെടുപ്പിലൂടെയാണെങ്കില്‍ കേരളത്തില്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും നല്ല വിഷയം ശബരിമലയായിരുന്നു. വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിത്തിടാനുള്ള ‘നല്ല ‘ സമയത്തെ അവര്‍ ഏതൊക്കെ തരത്തില്‍ ഉപയോഗിച്ചു എന്ന് നാം കണ്ടതാണ്. പശുവിനെ മുന്‍നിര്‍ത്തി ഹൈന്ദവ വിശ്വാസത്തെ രാഷ്ട്രീയത്തില്‍ കുത്തിക്കലക്കി വോട്ടാക്കി മാറ്റാനുള്ള ശ്രമം നല്ല രീതിയില്‍ തന്നെ നടന്നു. ഇതില്‍ ഇരകളായവരില്‍ സാധാരണ ഹിന്ദു വിശ്വാസികളും ഉണ്ടെന്ന കാര്യം മതരാഷ്ട്ര ശക്തികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ല. എന്നാല്‍ അത്തരം ഇരകളില്‍ തങ്ങള്‍ കുത്തിവെച്ച വര്‍ഗീയത എക്കാലത്തും തിളച്ച് മറിയും എന്നവര്‍ വിശ്വസിച്ചു. ആ വിശ്വാസത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന് നിസ്സാരമായി തച്ചുടക്കാന്‍ കഴിയും എന്നതിലേക്കാണ് ഈ തിരഞ്ഞെടുപ്പ് വിജയം വിരല്‍ ചൂണ്ടുന്നത്.

2014ല്‍ ഇന്ത്യന്‍ ജനതയെ മാറ്റത്തിനു പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍ അഴിമതിയും കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ ജീര്‍ണതകളുമാണ്. ശക്തമായ നേതൃത്വത്തെ കുറിച്ചുള്ള ആശങ്കയും അതിന്റെ ഭാഗമായിരുന്നു. പല കാരണത്താലും ശിഥിലമായ രാഷ്ട്രീയാവസ്ഥയില്‍ രാജ്യത്തിന് ശക്തമായ നേതൃത്വത്തിന്റെ അനിവാര്യത ജനം തിരിച്ചറിഞ്ഞു. നവമാധ്യമങ്ങളിലൂടെയും കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെയും മോദിയില്‍ ഒരു രക്ഷകനെ അവതരിപ്പിക്കാന്‍ ഹൈന്ദവ മത രാഷ്ട്ര ശക്തികള്‍ക്ക് കഴിഞ്ഞിരുന്നു. തികച്ചും ദുര്‍ബലമായ രാഷ്ട്രീയാവസ്ഥയില്‍ ആ ബോധത്തെ ജനമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം മുസ്‌ലിംവിരുദ്ധതയെ മുന്‍നിര്‍ത്തി രാജ്യത്തെ ഭൂരിപക്ഷ മതം നേരിടാന്‍ സാധ്യതയുള്ള ഭാവി വിപത്തുകളെ വര്‍ഗീയതയുടെ ഭാഷയില്‍ അവതരിപ്പിക്കാന്‍ വിവിധ ഹിന്ദുത്വ ശക്തികള്‍ക്ക് കഴിഞ്ഞത് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെയുള്ള മൃദു ഹിന്ദുത്വ മനോഭാവമുള്ളവരുടെ വോട്ടുകള്‍ ബി ജെ പിയില്‍ എത്തിക്കാന്‍ സഹായിച്ചു. എന്നാല്‍ തങ്ങള്‍ നല്‍കിയ വിജയം ഇന്ത്യയുടെ ബഹുസ്വരതയെയും ജനാധിപത്യത്തെയും പച്ചയില്‍ കത്തിച്ച് ചാരമാക്കാനുള്ള അനുവാദമായിരുന്നു എന്ന് വൈകാതെ ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞു. ഇത്തരമൊരു തിരിച്ചറിവില്‍ ജനം എത്തണമെങ്കില്‍ അതിനു കാരണമായി തീരുന്ന ഒട്ടനവധി അനുഭവങ്ങള്‍ ജനത്തെ ബാധിച്ചിട്ടുണ്ടാവും. അത് കേവലം കക്ഷിരാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ ജനാധിപത്യ അവകാശങ്ങളെയും സ്വാതന്ത്ര്യ അവകാശങ്ങളെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടാകണം. നിലവില്‍ അതിന്റെ നിരവധി തെളിവുകള്‍ നമുക്ക് മുമ്പിലുണ്ട്.
ബി ജെ പിയുടെ വിവിധ നയനിലപാടുകള്‍ എത്രത്തോളം അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചു എന്നതിന് ഗഹനമായ പഠനം ഒന്നും ആവശ്യമില്ല. അത് എത്രത്തോളം ജനവിരുദ്ധമായിരുന്നു എന്നതിന് നിരവധി തെളിവുകള്‍ നമുക്ക് മുമ്പിലുണ്ട്. വര്‍ഗീയത, ദളിത്‌വിരുദ്ധത ഉണ്ടാക്കിയ ആള്‍ക്കൂട്ടവധങ്ങള്‍, ജാതീയതയെ പുനഃസൃഷ്ടിക്കാനുള്ള നവ ബ്രാഹ്മണ്യത്തിന്റെ ഇടപെടല്‍, നോട്ടു നിരോധനം, കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നിലപാടുകള്‍, ബേങ്കിംഗ് മേഖലയിലെ ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോള്‍ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനവ്, എല്ലാത്തിനുമപ്പുറം കര്‍ഷകരെ ആത്മഹത്യയിലേക്ക് എത്തിച്ച കാര്‍ഷിക നിലപാടുകള്‍ ഇതൊക്കെ നേരിട്ട് ബാധിച്ചത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയാണ്. അതിന്റെ പ്രതിപ്രവര്‍ത്തനം ഭരണകൂടത്തോടുള്ള മനോഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളാണ്. അത് പ്രകടിപ്പിക്കാനുള്ള അവസരത്തെ നന്നായി വിനിയോഗിക്കാന്‍ ഇന്ത്യന്‍ ജനതക്ക് അറിയാം. ഇത്തരം ഇടപെടലുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അവിടെയാണ് ജനാധിപത്യത്തിന്റെ സാധ്യത രാജ്യത്തിന്റെ രക്ഷാകവചമായി തീരുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് 2019ലെ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് എന്നത് വെറും മാധ്യമ വിശേഷണമല്ല. അതിലുപരി ബി ജെ പി ഇന്ത്യന്‍ ജനാധിപത്യത്തിലും ബഹുസ്വരതയിലും നട്ട തീവ്രഹൈന്ദവ വിഷവിത്തിന്റെ വിളവെടുപ്പിന്റെ പരീക്ഷണം കൂടിയായിരുന്നു. നിലവിലെ അവസ്ഥയില്‍ ബോധപൂര്‍വം അവര്‍ ഉണ്ടാക്കിയ വിഭാഗീയതയും മുസ്‌ലിം ജനസമൂഹത്തെ ലക്ഷ്യം വെച്ചുള്ള അപരവത്കരണവും സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടുത്ത ഭീഷണിയാണ് എന്ന തിരിച്ചറിവിന്റെ ഫലം കൂടിയാണ് ബി ജെ പി നേരിട്ട ഈ പരാജയം. ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൊതുവായ വിലയിരുത്തലാണ്. അതിനെക്കാള്‍ വലിയ രാഷ്ട്രീയ കാരണങ്ങള്‍ ഈ പരാജയത്തിന്റെ ഭാഗമായിട്ടുണ്ട്. മധ്യപ്രദേശിലാണ് അതിന്റെ നിരവധി ദൃഷ്ട്ടാന്തങ്ങള്‍ കാണാന്‍ കഴിയുക.
പതിനഞ്ച് വര്‍ഷത്തെ ബി ജെ പിയുടെ ഭരണം ആ സംസ്ഥാനത്തെ ജനജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ട് എന്ന് പരിശോധിക്കാന്‍ പോലും ആ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. രാജ്യത്താകമാനം മത വിഭാഗീയതക്ക് വേണ്ടി വ്യത്യസ്തമായ കാരണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍ ഗ്രാമീണ ജനങ്ങളുടെ ജീവിതാവസ്ഥകള്‍ക്ക് അവര്‍ നല്‍കിയത് പുല്ലുവില. എന്നാല്‍ ഗ്രാമീണ ജനതക്ക് തങ്ങളോടുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ വിവേചനത്തെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസിന്റെ വിജയം. മൊത്തം 230 മണ്ഡലങ്ങളിലെ 90 സീറ്റുകളും ഗ്രാമ മേഖലകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവിടെയാണ് മധ്യപ്രദേശിന്റെ വികസന ഗ്രാഫ് യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിച്ചത്. മധ്യ വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഉണ്ടായ വികസനത്തിന്റെ ചെറുകാറ്റു പോലും ഉള്‍നാട്ടിലേക്ക് ഒരു തെന്നലായി പോലും എത്തിയില്ല. ബി ജെ പിക്ക് ഇത് നല്‍കിയതാകട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗ്രാമമേഖലയില്‍ നിന്ന് കിട്ടിയത് 90 സീറ്റാണെങ്കില്‍ ഇപ്പോഴത്തെ സെമി ഫൈനലില്‍ അത് 54ല്‍ എത്തി നില്‍ക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കേണ്ടത് ബി ജെ പി മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യമായി തീര്‍ന്നിരിക്കുന്നു.
കാരണം, ബി ജെ പി ഭൂരിപക്ഷ മതത്തെ പ്രീണിപ്പിക്കുന്ന എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചിട്ടും എന്തുകൊണ്ട് വര്‍ഗീയ കേന്ദ്രീകൃതമായ രാഷ്ട്രീയം പരാജയപ്പെട്ടു? ജനം ശ്രദ്ധിക്കുന്നത് തങ്ങളുടെ ആവശ്യങ്ങളില്‍ ഉണ്ടാവുന്ന ശ്രദ്ധയും പരിഗണനയും പരിഹാരങ്ങളുമാണ്. ഇത്തരം വിഷയങ്ങളില്‍ ഭരണകൂടങ്ങളില്‍ നിന്ന് അനുകൂല നിലപാടുകള്‍ ഉണ്ടാകാത്ത അവസ്ഥയില്‍ ജനാധിപത്യ സംവിധാനങ്ങളിലൂടെ അവകാശങ്ങള്‍ നേടാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ നല്‍കേണ്ടത് എന്ന രാഷ്ട്രീയത്തിന്റെ ബാലപാഠം ജനം രാഷ്ട്രീയ നേതൃത്വത്തെ പഠിപ്പിക്കുകയാണ്. ഇത്തരമൊരു തിരിച്ചറിവിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെയാണ് ഇന്ത്യ ഇനി ജയിച്ചു വരിക എന്ന് പ്രത്യാശിക്കാം.