Connect with us

Editorial

ഗതികേടിന്റെ ഹര്‍ത്താല്‍

Published

|

Last Updated

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ ബി ജെ പി എത്തിപ്പെട്ട ഗതികേടിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇന്നലത്തെ ഹര്‍ത്താല്‍. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബി ജെ പിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത് സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണെന്നാരോപിച്ചാണ് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ആത്മഹത്യക്ക് ശബരിമല പ്രശ്‌നവുമായോ അപ്പേരില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന സമരവുമായോ ഒരു ബന്ധവുമില്ലെന്നും ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിക്കുകയായിരുന്നുവെന്നും വേണുഗോപാലന്‍ നായര്‍ ഡോക്ടര്‍ക്കും മജിസ്‌റ്റ്രേറ്റിനും മൊഴി നല്‍കിയതോടെ ബി ജെ പിയുടെ ഈ അവകാശ വാദം പൊളിഞ്ഞിരിക്കുകയാണ്.

പ്ലംബിംഗ,് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി ജോലിചെയ്തിരുന്ന വേണുഗോപാലന്‍ നായര്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ബി ജെ പി സമരപ്പന്തലിന്റെ എതിര്‍ ഭാഗത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഓടിക്കയറുകയാണുണ്ടായത്. പോലീസും സമരപ്പന്തലിലുണ്ടായിരുന്നവരും ചേര്‍ന്ന് തീയണച്ചു ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും താമസിയാതെ അയാള്‍ മരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ സര്‍ക്കാറിനോ പോലീസിനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ പങ്കില്ല. ആത്മഹത്യക്ക് ശ്രമിച്ചയുടനെ അയാളെ രക്ഷിക്കാന്‍ ശ്രമിക്കുക വഴി പോലീസ് അവരുടെ കടമ നിര്‍വഹിച്ചിട്ടുമുണ്ട്. പിന്നെ ആര്‍ക്കെതിരെയാണ് ബി ജെ പി ജനദ്രോഹ സമരമുറയായ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്?

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതു പോലെ ശബരിമല പ്രശ്‌നത്തിലെ സമരം പൊളിഞ്ഞതിലെ ജാള്യം മറയ്ക്കാനാണോ ഹര്‍ത്താല്‍? സെക്രട്ടേറിയറ്റിനു മുമ്പില്‍ ആരംഭിച്ച നിരാഹാര സമരം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് പാര്‍ട്ടി. രാഷ്ട്രീയമായി ബി ജെ പിക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ശബരമല സമരം പ്രതീക്ഷിച്ചതു പോലെ വിജയിക്കുകയോ അയ്യപ്പഭക്തരുടെ പിന്തുണ ആര്‍ജിക്കാനാവുകയോ ചെയ്യാത്തതില്‍ നേതൃത്വം അസ്വസ്ഥരാണ്. കെ സുരേന്ദ്രന്റെ അറസ്റ്റ് വരെ ആവേശത്തോടെ മുന്നേറിയിരുന്ന സമരം പിന്നീട് തണുത്തുപോകുകയാണുണ്ടായത്. നേതാക്കള്‍ തമ്മിലുള്ള ആഭ്യന്തരകലഹവും സമരത്തെ ബാധിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, സുരേന്ദ്രനെ മോചിപ്പിക്കുക എന്നിവയായിരുന്നു സമരക്കാര്‍ മുന്‍വെക്കുന്ന മുഖ്യ ആവശ്യങ്ങള്‍. നിരോധാജ്ഞ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവിടുമെന്നും അതോടെ സമരം അവസാനിപ്പിക്കാനാകുമെന്നുമുള്ള കണക്കു കൂട്ടലിലായിരുന്നു പാര്‍ട്ടി. ഹൈക്കോടതി നിരോധാജ്ഞ ശരിവെക്കുകയും സര്‍ക്കാറും പോലീസും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തതോടെ നേതൃത്വം ആപ്പിലായി. നിരോധനാജ്ഞ തുടരുന്നതു കൊണ്ട് ഭക്തര്‍ക്ക് ഒരു അസൗകര്യവുമില്ലെന്നാണ് കോടതി നിരീക്ഷണം. സുരേന്ദ്രന്‍ കര്‍ശന ഉപാധികളോടെയെങ്കിലും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.
ശബരിമലയില്‍ പോലീസ് ഭക്തരെ ആക്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളും മാധ്യമങ്ങള്‍ കാണാറുണ്ടെന്ന വായടപ്പന്‍ മറുപടി കോടതി നല്‍കുകയും ചെയ്തു. സമരം നിലയ്ക്കലില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതിനെതിരെ കോഴിക്കോട്ട് ചെര്‍ന്ന ബി ജെ പി സംസ്ഥാന തല നേതൃയോഗത്തില്‍ രൂക്ഷമായ വിമര്‍ശവും ഉയര്‍ന്നിരുന്നു. അതിനിടെ സമരത്തിന് നേതൃത്വം നല്‍കാന്‍ കുമ്മനം രാജശേഖന്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോയെന്ന പ്രസ്താവനയിലൂടെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ളക്കെതിരെ ഒളിയമ്പ് എറിയുകയും ചെയ്തു. ഇനിയിപ്പോള്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ആരെങ്കിലുമൊന്ന് ചര്‍ച്ചക്ക് വന്നാല്‍ അതുവെച്ച് സമരം അവസാനിപ്പിക്കാമെന്നുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചക്ക് സന്നദ്ധമാകാത്തതില്‍ പരിഭവിച്ചു കൊണ്ടുള്ള സി കെ പത്മനാഭന്റെ പ്രസ്താവനയുടെ പശ്ചാത്തലമിതാണ്. പക്ഷേ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ സമരത്തെ മുഖവിലക്കെടുക്കുന്നേയില്ല. അനാവശ്യമായി ആരംഭിച്ച സമരം തുടങ്ങിയവര്‍ തന്നെ അവസാനിപ്പിക്കട്ടെ എന്ന ഉറച്ച തീരുമാനത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാറും. രാഷ്ട്രീയ ലാക്കോടെയുള്ള സമരമായതിനാല്‍ ഒത്തുതീര്‍പ്പ് വേണ്ടെന്നതാണ് സി പി എമ്മിന്റെ നിലപാടും.
ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിക്കു ശേഷം ബി ജെ പി യും സംഘ്പരിവാര്‍ സംഘടനകളും നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണ് ഇന്നലത്തേത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ എട്ടിന് നടത്തിയ പത്തനംതിട്ട ജില്ലാ ഹര്‍ത്താലായിരുന്നു ആദ്യത്തേത്. ഒക്ടോബര്‍ 18 ലെ സംസ്ഥാനതല ഹര്‍ത്താലായിരുന്നു അടുത്തത്. ശബരിമല ദര്‍ശനത്തിനെത്തിയ പന്തളം സ്വദേശി ശിവദാസന്റെ മരണത്തില്‍ പ്രതിഷേധിച്ചു നവംബര്‍ രണ്ടിന് പത്തനംതിട്ട ജില്ലാ ഹര്‍ത്താല്‍ നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 17ന് സംസ്ഥാനതല ഹര്‍ത്താലും ബി ജെ പി യുടെ തിരുവനന്തപുരം സമരവേദിക്കു സമീപം പ്രകടനം നടത്തിയവരെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ചയും ഹര്‍ത്താല്‍ നടത്തി. തുടര്‍ച്ചയായ അപ്രതീക്ഷിത ഹര്‍ത്താലിലൂടെ ജനങ്ങളെ വെറുതേ കഷ്ടപ്പെടുത്തുകയാണ് പാര്‍ട്ടി.