ഹോക്കി: നെതര്‍ലാന്‍ഡ്‌സില്‍ തട്ടി ഇന്ത്യ മടങ്ങി

Posted on: December 13, 2018 10:30 pm | Last updated: December 14, 2018 at 10:05 am

ഭുവനേശ്വര്‍: ഹോക്കിയില്‍ 43 വര്‍ഷത്തിനു ശേഷം ലോകകപ്പ് സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹത്തിന് നെതര്‍ലാന്‍ഡ്‌സിന്റെ വിലങ്ങ്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡ്‌സ് ഇന്ത്യയുടെ ചിറകരിഞ്ഞു.

പന്ത്രണ്ടാം മിനുട്ടില്‍ തന്നെ ഗോളടിച്ച് ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. ഹര്‍മന്‍പ്രീത് സിംഗിന്റെ പെനാള്‍ട്ടി കോര്‍ണര്‍ നെതര്‍ലാന്‍ഡ്‌സിന്റെ പ്രതിരോധ കോട്ടയില്‍ തട്ടിത്തെറിച്ചെങ്കിലും തകര്‍പ്പന്‍ റീ ബൗണ്ടിലൂടെ ആകാശ്ദീപ് പന്ത് വലയിലെത്തിച്ചു (1-0). എന്നാല്‍, അധികനേരം പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായില്ല. ആദ്യ പാദം ക്വാര്‍ട്ടര്‍ തീരാനിരിക്കെ തിയറി ബ്രിങ്ക്മാനിലൂടെ നെതര്‍ലാന്‍ഡ്‌സ് സമനില നേടി (1-1). അമ്പതാം മിനുട്ടില്‍ മിങ്ക് വാന്‍ഡെര്‍ വീര്‍ഡന്‍ ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു (2-1). മത്സരത്തിലേക്കു തിരിച്ചുവരാന്‍ മികച്ച കളി പുറത്തെടുത്ത് ഇന്ത്യ ശ്രമിച്ചെങ്കിലും നെതര്‍ലാന്‍ഡ്‌സ് പ്രതിരോധം വഴങ്ങിയില്ല.

ബെല്‍ജിയം, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ടീമുകളാണ് നെതര്‍ലാന്‍ഡ്‌സിനു പുറമെ സെമിയില്‍ പ്രവേശിച്ചത്. ഡിസം: 15ന് നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ബെല്‍ജിയം ഇംഗ്ലണ്ടുമായും ആസ്‌ത്രേലിയ നെതര്‍ലാന്‍ഡ്‌സുമായും ഏറ്റുമുട്ടും.