ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: December 13, 2018 9:46 pm | Last updated: December 14, 2018 at 10:06 am

തിരുവനന്തപുരം: ബി ജെ പി ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. എം ജി, കണ്ണൂര്‍, കാലിക്കറ്റ്, കേരള, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകളുടെ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അഖിലേന്ത്യ ദന്തല്‍ നീറ്റ് പരീക്ഷക്കു പോകുന്നവരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാറ്റിവെച്ച പരീക്ഷകള്‍
ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ നാളെ നടത്താനിരുന്ന പരീക്ഷകള്‍ 21ലേക്കു മാറ്റി. സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷകള്‍, ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധ വാര്‍ഷിക പരീക്ഷകള്‍, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍, കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ എന്നിവയും മാറ്റിവെച്ചു.

കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷാ ബോര്‍ഡ് യോഗങ്ങള്‍ ശനിയാഴ്ചത്തേക്കു മാറ്റി. കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫ. തസ്തികയിലേക്കു നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും ശനിയാഴ്ചത്തേക്കും ശനിയാഴ്ച നടത്താനിരുന്ന അഭിമുഖം ഞായറാഴ്ചയിലേക്കും മാറ്റിയിട്ടുണ്ട്.