ജീവിതം തുടരാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ആത്മഹത്യക്കു ശ്രമിച്ചത്; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

Posted on: December 13, 2018 8:43 pm | Last updated: December 14, 2018 at 9:34 am

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പി നിരാഹാര സമരം നടത്തുന്ന പന്തലിനു മുന്നില്‍ വച്ച് സ്വയം തീ കൊളുത്തുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നല്‍കിയ മൊഴിയില്‍ വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കിയത്. അതേസമയം, ശബരിമല വിഷയം, ബി ജെ പി നടത്തുന്ന സമരം എന്നിവയൊന്നും മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാരമിരിക്കുന്ന പന്തലിനു മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്കു ശ്രമിച്ചത്. മറ്റൊരിടത്തു നിന്ന് തീകൊളുത്തിയ ശേഷം സമരപ്പന്തലിനു സമീപത്തേക്കു ഇയാള്‍ ഓടിയെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസും മറ്റും ചേര്‍ന്ന് വേണുഗോപാലന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.