‘എന്റെ പൊന്നു ഫിറോസെ, ജെ എന്‍ യു വിലെ അഡ്മിഷന്‍ ചില്ലറകാര്യമൊന്നുമല്ല’

സോഷ്യലിസ്റ്റ്‌
Posted on: December 13, 2018 11:24 am | Last updated: December 13, 2018 at 11:24 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തരത്തില്‍ ഒരു സീറ്റ് ഒപ്പിക്കാന്‍ വേണ്ടി മാത്രം മന്ത്രി ജലീലിനുനേരെ കുതിര കയറുമ്പോള്‍, പ്രസംഗത്തില്‍ പറയാനുള്ള കാര്യങ്ങളെങ്കിലും ഒന്ന് വായിക്കാമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ മഹാത്മാ ഗാന്ധിയാണെന്ന് യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറി!. അത് കേട്ട് ആവേശം മൂത്ത് ആവേശത്തോടെ കൈയടിക്കുന്ന കുറേ അണികള്‍. രാജീവ് ഗാന്ധിയുടെ ശരീരം ചിന്നിച്ചിതറിയത് കോയമ്പത്തൂരില്‍ അല്ലെന്നും അത് ചെന്നൈക്കടുത്ത് ശ്രീപെരുമ്പത്തൂരില്‍ ആണെന്നും ഇന്നാട്ടിലെ കൊച്ചു കുട്ടികള്‍ക്കുവരെ അറിയാവുന്ന കാര്യമാണ്. അവിടെ രാജീവ് ഗാന്ധിയുടെ പേരില്‍ യുവജനങ്ങളുടെ വികസനത്തിനായി ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും യൂത്ത് ലീഗ് സെക്രട്ടറിക്ക് അറിയില്ലായിരിക്കും.

ഈ വിഡ്ഢിത്തങ്ങള്‍ വിളമ്പിയ പ്രസംഗത്തില്‍ യൂത്ത്‌ലീഗ് സെക്രട്ടറി എനിക്ക് 35 വയസ്സായെന്നും ഇന്ന് വാര്‍ധക്യത്തില്‍ ആണെന്നും, നിയമസഭയില്‍ ഒന്നും ഉരിയാടുന്നില്ല എന്നും പറഞ്ഞു. എന്റെ പ്രായം 35 അല്ല 32 ആണ്. നിയമസഭക്ക് ചില നടപടിക്രമങ്ങള്‍ ഒക്കെ ഉണ്ട്. ആരൊക്കെ എപ്പോഴൊക്കെ സംസാരിക്കണം എന്ന നടപടിക്രമങ്ങള്‍. ഭാവിയില്‍ എപ്പോഴെങ്കിലും രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ആരാണെന്ന് ഫിറോസ് തിരിച്ചറിയുന്ന ഒരു കാലം വരികയും അന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു നിയമസഭയില്‍ എത്തുകയും ചെയ്യുമ്പോള്‍ ഈ നടപടിക്രമങ്ങള്‍ ഫിറോസിന് മനസ്സിലാക്കാവുന്നതാണ്.

ഫിറോസ് പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം, ജെഎന്‍യുവിലെ വീഡിയോയില്‍ പെട്ടതു കൊണ്ടുമാത്രം പട്ടാമ്പിയില്‍ വിജയിച്ച എംഎല്‍എ ആണ് ഞാന്‍ എന്നാണ്. എന്റെ പൊന്നു ഫിറോസെ, ജെ എന്‍ യു വിലെ ഫോട്ടോയില്‍, വീഡിയോയില്‍ പെടുക എന്ന് പറയുന്നത് ചില്ലറകാര്യമൊന്നുമല്ല. അതിനു ആദ്യം അവിടെ അഡ്മിഷന്‍ കിട്ടണം. പിന്നെ സമരം നടത്തണം. സമരം എന്ന് പറയുമ്പോള്‍ യൂത്ത്‌ലീഗ് നടത്തുന്ന പോലത്തെ രണ്ടാളുള്ള സമരമല്ല. ദേശീയ മാധ്യമങ്ങള്‍ മുഴുവന്‍ തത്സമയം മണിക്കൂറുകളോളം റിപ്പോര്‍ട്ട് ചെയ്യുന്ന സമരം. ലീഗ് ഉണ്ടായതിന് ശേഷം അങ്ങനെ ഒന്ന് നടത്തീട്ടുണ്ടോ എന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും. ഇനി സമരം നടത്തുന്ന ഫിറോസിനെപ്പോലുള്ളവര്‍ ഫോട്ടോയില്‍ വന്നാലും രാജ്യസഭയിലൊക്കെ മുതലാളിമാര്‍ തന്നെ ലീഗിനെ പ്രതിനിധീകരിച്ചു പോകുകയും ചെയ്യും. പിന്നെ ഞാന്‍ എംഎല്‍എ ആയത് മുതലാളി ആയത് കൊണ്ടല്ല കേട്ടോ, പട്ടാമ്പിയിലെ ജനങ്ങള്‍ വോട്ട് ചെയ്തത് കൊണ്ടാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയെയും, ജനാധിപത്യത്തെയും അംഗീകരിക്കാന്‍ എന്നാണ് നിങ്ങള്‍ പഠിക്കുക? പഠിക്കുമെന്ന് എനിക്കൊരിക്കലും വിശ്വാസമില്ല, കാരണം ചരിത്രബോധമില്ലാതെ എന്തു വിടുവായിത്തം വിളിച്ചു പറഞ്ഞാലും കയ്യടിക്കുന്ന അണികള്‍ ഉള്ളിടത്തോളം കാലം നിങ്ങളൊന്നും പഠിക്കുന്നുമില്ല, ഒന്നും പഠിപ്പിക്കുന്നുമില്ല.