Kerala
ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തരവേള തടസപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നും പ്രതിപക്ഷം സഭ തടസപ്പെടുത്തിയത്.
ശബരിമലയിലെ 144 പിന്‍വലിക്കുകയെന്ന പ്ലകാര്‍ഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. എല്ലാ ദിവസവും സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമക്യഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എ മാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.