ബുലന്ദ്ശഹര്‍: മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Posted on: December 8, 2018 6:17 pm | Last updated: December 8, 2018 at 10:32 pm

ലക്‌നൗ: യു പിയിലെ ബുലന്ദ്ശഹറില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടാനിടയായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ നടപടി സ്വീകരിക്കാന്‍ വൈകിയതിന് മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബുലന്ദ്ശഹര്‍ എസ് എസ് പി. കൃഷ്ണ ബഹാദൂര്‍ സിംഗ്, സത്യപ്രകാശ് ശര്‍മ, സുരേഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കലാപം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറായത്. ലക്‌നൗവിലേക്കാണ് കൃഷ്ണ ബഹാദൂര്‍ സിംഗിനെ മാറ്റിയത്. സീതാപൂര്‍ എസ് പി. പ്രഭാകര്‍ ചൗധരിയാണ് പകരക്കാരന്‍. ഡി ജി പി. ഒ പി സിംഗിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് നടപടിയുണ്ടായത്.

ഗോവധത്തിന്റെ പേരിലുണ്ടായ കലാപത്തിനിടെ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികന്‍ ജീത്തു ഫൗജിയെ നേരത്തെ സൈനിക യൂനിറ്റു തന്നെ പിടികൂടിയിരുന്നു.
സംഭവത്തിന് ശേഷം ജോലി സ്ഥലമായ ശ്രീനഗറിലേക്ക് പോയ ജീത്തുവിനെ സൈന്യത്തിന്റെ നോര്‍ത്ത് കമാന്‍ഡര്‍ നേരിട്ടെത്തിയാണ് പിടികൂടിയത്. സുബോധ്കുമാര്‍ സിംഗിനുനേരെ ജീത്തു വെടിവെക്കുന്നത് കണ്ടതായി സാക്ഷി മൊഴികളുണ്ട്. അക്രമം നടന്ന സ്ഥലങ്ങളില്‍ പലയിടത്തും ജീത്തു ഉള്ളതായ ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഗ്രാമീണര്‍ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.