തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതലാളുകള്‍ റോഡിലെ കുഴികള്‍ മൂലം മരിക്കുന്നു: സുപ്രീം കോടതി

Posted on: December 6, 2018 6:25 pm | Last updated: December 6, 2018 at 6:25 pm

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതലാളുകള്‍ റോഡ് തകര്‍ച്ചയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പെട്ട് മരിക്കുന്നതായി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റോഡിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ 14,926 പേരാണ് മരിച്ചത്.
റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ അത് കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നാണ് അപകട മരണങ്ങളുടെ ഭീതിദമായ ഈ കണക്ക് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സമിതിയോട് വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു അപകടക്കേസില്‍ വിധി പറയുന്നതിനിടെ കോടതി ആവശ്യപ്പെട്ടിരുന്നു.