Connect with us

Kerala

കരിപ്പൂര്‍: എസ് വൈ എസിനും അഭിമാന നിമിഷം

Published

|

Last Updated

സഊദി എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ യാത്രക്കാരെ വിമാനത്താവളത്തിനുള്ളില്‍ എസ് വൈ എസ് നേതാക്കള്‍ സ്വീകരിക്കുന്നു

മലപ്പുറം: മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരില്‍ വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങാനായത് സുന്നി യുവജന സംഘത്തിന്റെ കൂടി വിജയമാണ്.
കരിപ്പൂരിന്റെ പ്രതാപം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായപ്പോഴെല്ലാം കടുത്ത പ്രതിഷേധമുയര്‍ത്താന്‍ എസ് വൈ എസിന് കഴിഞ്ഞു. വ്യോമയാന മന്ത്രാലയവുമായും വിമാനത്താവള അതോറിറ്റിയുമായി സുന്നി നേതാക്കള്‍ നിരന്തരമായി നടത്തിയ ചര്‍ച്ചകളുടെ ഫലം കൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നേതൃത്വത്തില്‍ നിരന്തരമായ പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ മലപ്പുറം ജില്ലയില്‍ നടന്നത്.

കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൂട്ടമായുള്ള ഇ മെയില്‍ നിവേദനം, 115 സര്‍ക്കിളുകളില്‍ പ്രതിരോധ സംഗമം, സോണ്‍തലങ്ങളില്‍ പ്രചാരണ ജാഥകള്‍, വിമാനത്താവള സംരക്ഷണ ദിനാചരണം തുടങ്ങി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത് എസ് വൈ എസ് മാത്രമാണ്. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നടന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ജനകീയ വിചാരണയും പ്രതിഷേധ സംഗമവുമെല്ലാം അധികൃതരുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഐ സി എഫ്, ആര്‍ എസ് സി പോലുള്ള പ്രവാസി ഘടകങ്ങളും കരിപ്പൂരിന്റെ പൂര്‍വ പ്രതാപം തിരിച്ചുകൊണ്ടു വരാനുള്ള ഇടപടെലുകള്‍ നടത്തിയിരുന്നു. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ വെളിച്ചമില്ലാത്തതിനാല്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് നിവേദനവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവള അതോറിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വരികയും പരിഹാരമുണ്ടാവുകയും ചെയ്തു.

ഇന്നലെ സഊദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഇറങ്ങിയപ്പോള്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ വിമാനത്താവള പരിസരത്ത് വിജയാരവം നടത്തിയാണ് നന്ദി അറിയിച്ചത്. രാവിലെ 10 മണിക്ക് മര്‍കസ് എയര്‍പോര്‍ട്ട് മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച വിജയാരവം എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെയാണ് തുടക്കമായത്. അന്താരാഷ്ട്ര ടെര്‍മിനലികത്ത് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സീതിക്കോയ തങ്ങള്‍, ഐ സി എഫ് പ്രതിനിധികളായ അശ്‌റഫലി അല്‍ ജുബൈല്‍, മുഹ്‌യിദ്ദീന്‍കുട്ടി സഖാഫി പുകയൂര്‍, നൗശാദ് അതിരുമട, ഹസന്‍ സഖാഫി തറയിട്ടാല്‍, അശ്‌റഫ് മുസ്‌ലിയാര്‍ പുളിക്കല്‍ തുടങ്ങിയവര്‍ യാത്രക്കാരെ മധുര പലഹാരം നല്‍കി സ്വീകരിച്ചു. ജില്ല ഭാരവാഹികളായ എം അബൂബക്കര്‍ പടിക്കല്‍, കെ പി ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, പി എ ലത്വീഫ്, പി എ ബശീര്‍ അരിമ്പ്ര നേതൃത്വം നല്‍കി. ദഫ് സംഘത്തിന്റെ അകമ്പടിയോടെ നൂറ് കണക്കിന് എസ് വൈ എസ് പ്രവര്‍ത്തകരും പ്രവാസി കൂട്ടായ്കളായ ഐ സി എഫ്, ആര്‍ എസ് സി പതിനിധികളും പങ്കെടുത്ത വിജയാരവം ജനകീയ കൂട്ടായ്മക്ക് അഭിവാദ്യമര്‍പ്പിച്ചു.

എയര്‍പോര്‍ട്ട് യൂനിയന്റെ കീഴില്‍ നടത്തിയ ചടങ്ങില്‍ ഐ സി എഫ് സഊദി നാഷനല്‍ കമ്മിറ്റിയുടെ ഉപഹാരം എം ഡി എഫ്, എസ് വൈ എസ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.

Latest