വിജിലന്‍സ് അന്വേഷണം: വഖ്ഫ് ബോര്‍ഡ് ഹരജി ഹൈക്കോടതി തള്ളി

Posted on: December 6, 2018 12:45 pm | Last updated: December 6, 2018 at 12:45 pm

കൊച്ചി: മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. വഖ്ഫ് ബോര്‍ഡ് സി ഇ ഒ. ബി എം ജമാല്‍ ഒന്നാം പ്രതിയായി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള കേസില്‍ അന്തിമ വിധി പാസാക്കുന്നതിന് മുമ്പ് വഖ്ഫ് ബോര്‍ഡിന്റെ വാദം കൂടി കേട്ട ശേഷമേ വിധി പറയാവൂവെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള്‍ക്ക് വേണ്ടി കേരള വഖ്ഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

ക്രിമിനല്‍ നടപടി ചട്ട പ്രകാരം മൂന്നാമതൊരാളെ കേള്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും അന്വേഷണ ഘട്ടത്തില്‍ പ്രതികളെ കേള്‍ക്കുന്നതിന് പോലും അവസരമില്ലെന്നും വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വഖ്ഫ് ബോര്‍ഡ് സി ഇ ഒ, മെമ്പര്‍മാര്‍ എന്നിവരെ സഹായിക്കുന്നതിനും അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയാണ് കേസില്‍ പ്രതിയല്ലാത്ത വഖ്ഫ് ബോര്‍ഡ് ശ്രമിക്കുന്നതെന്നും പരാതിക്കാരന്‍ ടി എം അബ്ദുല്‍ സലാം ബോധിപ്പിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധികള്‍ വഖ്ഫ് ബോര്‍ഡിന് വേണ്ടി സമര്‍പ്പിച്ചുവെങ്കിലും അതൊന്നും നിലവിലുള്ള നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചും സര്‍ക്കാര്‍ ഉത്തരവ് മറികടന്നും തികച്ചും നിയമവിരുദ്ധമായി പൊതു ഖജനാവിന് വന്‍ നഷ്ടം വരുത്തി ഇഷ്ടക്കാരെ വഖ്ഫ് ബോര്‍ഡില്‍ നിയമിച്ചെന്നും അതുവഴി കോടിക്കണക്കിന് രൂപ വഖ്ഫിനും പൊതു ഖജനാവിനും നഷ്ടമായെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. വഖ്ഫ് സ്വത്ത് സ്വന്തം കുടുംബ സ്വത്ത് പോലെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം. എവിടെയും തൊടാതെ തികച്ചും നിയമവിരുദ്ധമായി ഫയല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ടിനെതിരെ വിജിലന്‍സ് കോടതി നിലപാട് എടുത്തതോടെയാണ് വഖ്ഫ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. വഖ്ഫ് ബോര്‍ഡിന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രീയക്കാരുടെ ഇഷ്ടമനുസരിച്ച് നിയമം നടപ്പാക്കുന്നത് വേദനാജനകമാണെന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. വഖ്ഫിന്റെ അര്‍ഥം മനസ്സിലാക്കിയാല്‍ ഇതൊന്നും നടക്കില്ലെന്നും കോടതി വ്യക്തമാക്കി.
വഖ്ഫ് ബോര്‍ഡ് സി ഇ ഒ, ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടും പരാതിക്കാരന്‍ സമര്‍പ്പിച്ച ആക്ഷേപവും പരിഗണിച്ച് സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. ക്രിമിനല്‍ നടപടി ചട്ടം കൃത്യം പാലിക്കാനും വിധിയില്‍ നിര്‍ദേശമുണ്ട്. വഖ്ഫ് ബോര്‍ഡിന്റെ അപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് കൃത്യവിലോപവും നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ തുനിഞ്ഞ വഖ്ഫ് ബോര്‍ഡിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായി പരാതിക്കാരന്‍ ടി എം അബ്ദുല്‍ സലാം പട്ടാളം അറിയിച്ചു. സര്‍ക്കാരിന് വേണ്ടി വിജിലന്‍സ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എ രാജേഷ് ഹാജരായി.