നടിയെ ആക്രമിച്ച കേസ്: അഭിഭാഷകരെ കോടതി കുറ്റവിമുക്തരാക്കി

Posted on: December 5, 2018 8:56 pm | Last updated: December 6, 2018 at 11:12 am
അഡ്വ. പ്രതീഷ് ചാക്കോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതില്‍ ആരോപണ വിധേയരായ അഭിഭാഷകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഫോണ്‍ കൈയില്‍ വാങ്ങി സൂക്ഷിച്ചതല്ലാതെ മെമ്മറി കാര്‍ഡോ സിം കാര്‍ഡോ ഇവര്‍ നശിപ്പിച്ചതിന് തെളിവില്ലെന്നാണ്‌ ഹൈക്കോടതി നിരീക്ഷണം.

കേസിലെ പ്രതി പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോക്കു നല്‍കിയെന്നും ഇതു പിന്നീട് രാജു ജോസഫ് നശിപ്പിച്ചെന്നുമായിരുന്നു പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരെ കോടതി കുറ്റവിമുക്തരാക്കിയത് പോലീസിന് കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.