ബെംഗളൂരു ഐ ഐ എസ് സി ലാബില്‍ പൊട്ടിത്തെറി; ഗവേഷകന്‍ മരിച്ചു

Posted on: December 5, 2018 7:59 pm | Last updated: December 6, 2018 at 11:12 am

ബെംഗളൂരു: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ (ഐ ഐ എസ് സി) ലബോറട്ടറിയില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഗവേഷകന്‍ മരിച്ചു. മൈസൂരു സ്വദേശി മനോജ് (32) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു പേര്‍ക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. അതുല്യ ഉദയ് കുമാര്‍, നരേഷ് കുമാര്‍, കാര്‍ത്തിക് ഷെനോയ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

എയ്‌റോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടറാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടടുത്ത് പൊട്ടിത്തെറിച്ചത്. ഐ ഐ എസ് സിയുടെ സഹസ്ഥാപനമായ സൂപ്പര്‍ വേവ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് മനോജും മറ്റുള്ളവരും. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നാലു ഗവേഷകരും ദൂരേക്ക് തെറിച്ചു പോയതായും മനോജ് 20 അടി അകലെയാണ് ചെന്നു വീണതെന്നും ഐ ഐ എസ് സിയിലെ സുരക്ഷ ജീവനക്കാരനായ എം ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. മനോജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.