കവിതാ മോഷണ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്

Posted on: December 5, 2018 2:12 pm | Last updated: December 5, 2018 at 5:24 pm

തൃശൂര്‍: യുവകവി എസ് കലേഷിന്റെ കവിത പ്രസിദ്ധീകരിക്കാന്‍ തനിക്ക് നല്‍കിയത് ശ്രീചിത്രനാണെന്ന് തൃശൂര്‍ കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്ത്. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് പറഞ്ഞ് ശ്രീചിത്രന്‍ വഞ്ചിക്കുകയായിരുന്നു.
എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് സ്വകാര്യ ചാനലിനോട് പറഞ്ഞു.

കവിത മോഷ്ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്നാണ് ശ്രീചിത്രന്‍ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മനുഷ്യന്‍ എത്ര സമര്‍ഥമായാണ് കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്. ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നു.

ഇതോടെ നൈതികതയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ യോഗ്യതയില്ലാതായി. തനിക്ക് കുറ്റബോധമുണ്ട്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല. സംഘപരിവാറിനേക്കാള്‍ വിമര്‍ശിച്ചത് ഇടതുപക്ഷമാണ്. ആ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും ദീപ കൂട്ടിച്ചേര്‍ത്തു.