ശബരിമല: യുവതികള്‍ക്ക് സൗകര്യമൊരുക്കാന്‍ സാവകാശം വേണം- ദേവസ്വം ബോര്‍ഡ്

Posted on: December 4, 2018 12:57 pm | Last updated: December 4, 2018 at 2:28 pm

കൊച്ചി: ശബരിമലയില്‍ യുവതികളെ ഉടന്‍ കയറ്റുന്നതില്‍ പരിമിതികളുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യുവതികള്‍ക്ക് നിലവില്‍ പുതിയ സൗകര്യമൊരുക്കാന്‍ ഇപ്പോള്‍ കഴിയില്ല. അധിക സൗകര്യമൊരുക്കുന്നിതന് സാവകാശം ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. യുവതികള്‍ക്കായി വിശ്രമമുറികള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. സ്ഥല ലഭ്യതക്ക് പ്രത്യേക കേന്ദ്ര അനുമതി ലഭിക്കണം. ഇതിനായി സാവകാശം ആവശ്യമാമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറയുന്നു. അതേ സമയം ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമതിയെ സ്വമേധയാ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം ഹൈക്കോടതി തള്ളി.