ഫ്രാന്‍സില്‍ കലാപം പടരുന്നു; വയോധിക കൊല്ലപ്പെട്ടു

Posted on: December 4, 2018 10:59 am | Last updated: December 4, 2018 at 1:00 pm

പാരീസ്: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള കലാപം കത്തിപ്പടരുന്ന ഫ്രാന്‍സില്‍ ഇന്നലെ എണ്‍പതുകാരിയായ വയോധിക കൊല്ലപ്പെട്ടു. ഇതോടെ കലാപത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. പോലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

പ്രതിസന്ധി പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

അതേസമയം, ഇന്ന് പ്രധാന മന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് കലാപകാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുത്ത കലാപത്തില്‍ 4.5 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ട്.