ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്

Posted on: December 4, 2018 5:13 am | Last updated: December 4, 2018 at 5:24 pm


പാരിസ്: മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്. ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തം ഷെല്‍ഫിലെത്തിച്ച റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ഒരു പതിറ്റാണ്ടായി നിലനിന്ന മെസി-റൊണൊ യുഗത്തിനാണ് ഇതോടെ തിരശീലയിട്ടത്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ആന്‍ത്വാന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.

ഫ്രഞ്ച് ഫുട്‌ബോള്‍ വാരികയായ ഫ്രാന്‍സ് പുട്‌ബോള്‍ നല്‍കുന്നതാണ് സ്വര്‍ണപന്ത് എന്നര്‍ത്തം വരുന്ന ബാലണ്‍ ദി ഓര്‍ പുരസ്‌കാരം. 2016 വരെ ഫിഫയോടൊപ്പം ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയിരുന്നത്. 2008 മുതല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡായോ മാത്രം സ്വന്തമാക്കിയ പുരസ്‌കാരത്തിനാണ് പത്ത് വര്‍ഷത്തിന് ശേഷം പുതിയ അവകാശിയെത്തുന്നത്.
2007-ല്‍ കക്കയാണ് മെസ്സിയും റൊണാള്‍ഡോയുമല്ലാതെ പുരസ്‌കാരം നേടിയ അവസാനത്തെയാള്‍.
ഈ പുരസ്‌കാരം നേടുന്ന പഴയ യുഗോസ്ലാവിയന്‍ മേഖലയില്‍നിന്നുള്ള ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 1991ല്‍ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവര്‍ ലോതര്‍ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.