Connect with us

Kerala

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചെന്ന ആരോപണം തെറ്റ്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയിട്ടില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എയുടെസബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും ഉള്‍പ്പെട്ടതിനും ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ സുരേന്ദ്രനെതിരായ എട്ട് കേസുകള്‍ 2016ന് മുമ്പുള്ളതാണ്. മൂന്ന് കേസുകള്‍ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന അവസരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടായിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീ എത്തിയിരുന്നു. വരെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടയുന്ന സ്ഥിതിയുണ്ടായി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും അവരുടെ ബന്ധുവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനും ബന്ധുവിന്റെ പരാതിയും ഉണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം പൊലീസ് സ്‌റ്റേഷന്‍നില്‍ 13ാം പ്രതിയായി കേസെടുത്തു. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നിലയ്ക്കല്‍ പൊലീസ് സ്‌റ്റേഷന്‍ ഒന്നാം പ്രതിയായും, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ കുറ്റകരമായി സംഘടിച്ച കാര്യത്തിനും മറ്റും നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷന്‍ രണ്ടാം പ്രതിയായും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികള്‍ വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.

വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. ഈ വാറണ്ടു കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് കെ സുരേന്ദ്രന്‍ ഇപ്പോഴും റിമാന്റില്‍ കഴിയുന്നത്. വസ്തുതകള്‍ ഇതായിരിക്കെ കള്ളക്കേസ് ചുമത്തി പോലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest