Connect with us

Editorial

വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി?

Published

|

Last Updated

മധ്യപ്രദേശില്‍ വേട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിപ്പു കേന്ദ്രങ്ങളിലേക്ക് തിരിച്ചെത്താന്‍ ഏറെ വൈകുകയും അതിനിടയില്‍ അധികൃതര്‍ ഭരണകക്ഷിയായ ബി ജെ പിക്ക് വേണ്ടി ക്രമക്കേടുകള്‍ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ബി ജെ പി നേതാവും ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറായിലെ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി എന്നാണ് പറയുന്നത്. ഈ ഹോട്ടലില്‍ വോട്ടിംഗ് മെഷീനുകളുമായിസര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലെ സാഗറിലെ കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരികെ ഏല്‍പ്പിക്കേണ്ട വോട്ടിംഗ് യന്ത്രങ്ങള്‍ 48 മണിക്കൂറിന് ശേഷമാണ് എത്തിച്ചതെന്നതും സംശയാസ്പദമാണ്. നമ്പര്‍പ്ലേറ്റ് പോലുമില്ലാത്ത വാഹനത്തിലാണ് ഇവ കൊണ്ടുപോയതും. ഈ കാലതാമസത്തിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജേഷ് മെഹ്‌റയെ കമ്മീഷന്‍ പിരിച്ചുവിടുകയുമുണ്ടായി.

ഭോപ്പാലില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പഴയ ജയിലില്‍ വെള്ളിയാഴ്ച ഒന്നര മണിക്കൂര്‍ തത്സമയ ദൃശ്യങ്ങള്‍ നിലച്ചതും സന്ദേഹ ജനകമാണ്. ഇത് സംബന്ധിച്ചു ഉന്നയിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച ഭോപ്പാല്‍ കലക്ടര്‍ രാവിലെ 8,19നും 9.35നും ഇടയിലുള്ള സമയത്ത് എല്‍ ഇ ഡി ഡിസ്‌പ്ലേ തകരാറിലായതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനായി ഈ സമയം ദൃശ്യം മനപൂര്‍വം നിര്‍ത്തിവെക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, വൈദ്യുതി തകരാര്‍ മുലമാണ് ഇതു സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. മധ്യപ്രദേശിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 2,265 വോട്ടിംഗ് മെഷീനുകളാണ് ഈ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നത്. ഭോപ്പാലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറിയുടെ പൂട്ട് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, സാങ്കേതിക വിദഗ്ധര്‍ക്കൊപ്പം സ്‌ട്രോംഗ്്‌റൂമില്‍ പ്രവേശിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടുകയുമുണ്ടായി. എന്നാല്‍, സാഗറില്‍ വൈകിയെത്തിയ യന്ത്രങ്ങള്‍ വോട്ടെടുപ്പിന് ഉപയോഗിച്ചവയല്ല, തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പകരംവക്കാനുള്ളതായിരുന്നവെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിശദീകരണം.

ജനപ്രതിനിധികളുടെ കരങ്ങളിലാണ് ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവി. ജനങ്ങളില്‍ ഭൂരിപക്ഷം ആഗ്രഹിക്കുന്നവര്‍ തന്നെയായിരിക്കണം വോട്ടെടുപ്പിനെ തുടര്‍ന്നു അധികാരത്തിലേറുന്നത്. ക്രമക്കേടുകളിലൂടെ ജനങ്ങളാല്‍ തിരസ്‌കൃതരായവര്‍ അധികാരത്തിലെത്തുന്ന സ്ഥിതി വിശേഷമുണ്ടായിക്കൂടാ. തിരഞ്ഞെടുപ്പും അതിന് മേല്‍നോട്ടം വഹിക്കുന്ന കമ്മീഷന്റെയും ഉദ്യോസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ തികച്ചു സത്യസന്ധവും നീതിപൂര്‍വകവുമായെങ്കിലേ ഇത് ഉറപ്പ് വരുത്താനാകൂ. ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത അവകാശപ്പെട്ടാല്‍ പൊരാ, പൊതുസമൂഹത്തിന് അത് ബോധ്യപ്പെടുകയും വേണം. എന്നാല്‍, അടുത്തകാലത്തായി വിശേഷിച്ചു ഇലക്ട്രിക് വോട്ടിംഗ് യന്ത്രങ്ങള്‍ വന്ന ശേഷം തിരഞ്ഞടുപ്പുകളില്‍ ഭരണകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ക്രമക്കേടുകളും പക്ഷപാതിത്വവും കാണിക്കുന്നതായി വ്യാപകമായി ആരോപണം ഉയര്‍ന്നു വരുന്നുണ്ട്. രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല, മുന്‍കാല തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെയും നരേന്ദ്രമോദിയുടെ അധികാരാരോഹാണത്തിന് ശേഷം വന്ന കമ്മീഷണര്‍മാരുടെ നിഷ്പക്ഷതയില്‍ സന്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു പി തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലുമെല്ലാം കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയതായി ആരോപിക്കപ്പെട്ടിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ചാനലില്‍ അഭിമുഖം നല്‍കിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍, ഗുജറാത്തിലെ സബര്‍മതിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തി ചട്ടം ലംഘിച്ചപ്പോള്‍ കമ്മീഷന്‍ കാണാത്ത ഭാവം നടിക്കുകയാണുണ്ടായത്.

മധ്യപ്രദേശില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് മിക്ക സര്‍വേകളും പ്രവചിച്ചത്. ഇതെ തുടര്‍ന്നു ഇവിടെ വോട്ടെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷകക്ഷികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍. ഈ സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണത്തിലൂടെ മധ്യപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ സത്യാവസ്ഥ തിര.കമ്മീഷന്‍ കണ്ടെത്തേണ്ടതണ്ട്. ജനങ്ങളുടെ വിശ്വാസത്തിലാണ് കമ്മീഷന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പ്. കമ്മീഷണര്‍മാര്‍ ഒരു സാഹചര്യത്തിലും ഭരണകക്ഷിയുടെ ചട്ടുകങ്ങളായി അധഃപതിക്കുകയോ അങ്ങനെ ഒരു ധാരണക്കിട വരുത്തുകയോ ചെയ്യരുത്.