കുമ്മനത്തെ തിരികെയെത്തിക്കാന്‍ ആര്‍എസ്എസ് ശ്രമം തുടങ്ങി; സമ്മര്‍ദം ശക്തമാക്കി

Posted on: December 3, 2018 11:38 am | Last updated: December 3, 2018 at 3:13 pm

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കി കേരളത്തിലേക്ക് എത്തിക്കാന്‍ ആര്‍എസ്എസ് ശ്രമം തുടങ്ങി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരെ ആര്‍എസ്എസ് ഇക്കാര്യം അറിയിച്ചതായാണ് വിവരം. ശബരിമല വിഷയത്തില്‍ ബിജെപിക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുമ്മനത്തിന്റെ സാന്നിധ്യം ഇവിടെ അനിവാര്യമാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടകളുമായി കുമ്മനത്തിനുള്ള അടുപ്പവും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതും കുമ്മനത്തെ കേരളത്തിലെത്തിക്കാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിക്കുന്നു.
ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു.

ഈ മാസം അവസാനമോ ജനുവരി ആദ്യമോ ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചന. മിസോറാമില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നുവരികയാണ്. അതിന് ശേഷമാകും തീരുമാനം. മിസോറാം ഗവര്‍ണറാക്കിയ വേളയില്‍, തനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് കുമ്മനം ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചിരുന്നു.