വോട്ടിംഗ് മെഷീന്‍ വിവാദം: കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ്

Posted on: December 3, 2018 9:28 am | Last updated: December 3, 2018 at 11:51 am

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സി സി ടി വി ക്യാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പുറത്തുവന്നതോടെ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഖുര്‍യീ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയും ആഭ്യന്തര മന്ത്രിയുമായ ഭുപേന്ദ്ര സിംഗും ജില്ലാ കലക്ടര്‍ അലോക് സിംഗും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ആയതിനാല്‍ തിരിമറിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. ബി ജെ പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ നിരവധി ആരോപണങ്ങളാണ് മധ്യപ്രദേശില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

സാഗറിലെ വോട്ടെടുപ്പിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് മുറിയിലേക്ക് എത്തിയത്. മെഷീനുകള്‍ വൈകിയ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമിലെ സി സി ടി വികളുടെയും എല്‍ ഡി സ്‌ക്രീനിന്റെയും പ്രവര്‍ത്തനം മുക്കാല്‍ മണിക്കൂറിലധികം നിലച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. വൈദ്യുതി തകരാറാണ് ഇതിനിടയാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.19 മുതല്‍ 9.35 വരെയാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമായതെന്ന് വ്യക്തമാക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ടില്‍ വൈദ്യുതിയില്ലാത്ത സമയത്ത് മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവരുന്ന ആരോപണങ്ങള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇ വി എമ്മുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും ബലമേറുകയാണ്. തിരിമറി നടത്താനായി സര്‍ക്കാര്‍ അധികാരികള്‍ ഒത്താശ ചെയ്യുന്നതായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്.

കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും ന്യായവുമായിരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. ഒപ്പം ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചിട്ടുണ്ട്.