Connect with us

Sports

യൂറോ യോഗ്യതാ റൗണ്ട്: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍

Published

|

Last Updated

ഡുബ്ലിന്‍: 2020 യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍ വരും. ഇന്നലെ ഡുബ്ലിനില്‍ വെച്ച് യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയാക്കി. പത്ത് ഗ്രൂപ്പുകളിലായി 55 ടീമുകള്‍ മാറ്റുരക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന നാല് സ്ഥാനങ്ങള്‍ നാഷന്‍സ് ലീഗിലെ അവസാന നാല് ടീമുകള്‍ക്കാണ് ലഭിക്കുക. പ്രമുഖ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാതെ പോകുന്ന സാധ്യത പുതിയ ഫോര്‍മാറ്റില്‍ വളരെ കുറവായിരിക്കും.

യോഗ്യതാ റൗണ്ടില്‍ ഏറ്റവും അനായാസ ഗ്രൂപ്പ് ഇംഗ്ലണ്ടിന്റെതാണ്. ചെക് റിപബ്ലിക്, ബള്‍ഗേറിയ, മോണ്ടെനെഗ്രോ, കൊസോവോ എന്നിവരാണ് ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് എയില്‍ ഉള്ളത്. രണ്ടാമത്തെ മികച്ച റാങ്കിംഗ് നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുള്ള ചെക് റിപബ്ലിക്കിന്റെതാണ് എന്നറിയുമ്പോഴാണ് ഇംഗ്ലണ്ടിന് ലഭിച്ച ഭാഗ്യം വ്യക്തമാകൂ.

ജര്‍മനിക്ക് സമീപകാലത്തെ തോല്‍വികള്‍ തിരിച്ചടിയായി. ടോപ് സീഡിംഗ് ഉള്ള പോട്ടില്‍ നിന്ന് ജര്‍മനി പുറത്തായിരുന്നു. ഇതാണ്, ഗ്രൂപ്പ് സിയില്‍ ഹോളണ്ടുമായി ഏറ്റുമുട്ടേണ്ട അവസ്ഥയുണ്ടായത്.
ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് യോഗ്യതാ റൗണ്ടില്‍ ഐസ് ലന്‍ഡ്, തുര്‍ക്കി, അല്‍ബാനിയ, മൊള്‍ഡോവ, അന്‍ഡോറ ഉള്‍പ്പെടുന്ന എച്ച് ഗ്രൂപ്പിലാണ്.

പന്ത്രണ്ട് വ്യത്യസ്ത വേദികളിലായിട്ടാണ് വന്‍കരാ ചാമ്പ്യന്‍ഷിപ്പ് നടക്കുക. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ നടക്കും.
1998 ലോകകപ്പിന് ശേഷം മേജര്‍ടൂര്‍ണമെന്റ് കളിച്ചിട്ടില്ല സ്‌കോട്‌ലന്‍ഡ്. ഇത്തവണ അവര്‍ രണ്ടും കല്‍പ്പിച്ചാണ്. ബെല്‍ജിയം, റഷ്യ, സൈപ്രസ്, കസാഖിസ്ഥാന്‍, സാന്‍ മാരിനോ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ ്‌ഐയില്‍ നിന്ന് രക്ഷപ്പെടുക പ്രയാസം. എന്നാല്‍, നാഷന്‍സ് ലീഗില്‍ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്.

പുതിയ കോച്ച് മിക് മക്കാര്‍ത്തിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അയര്‍ലന്‍ഡ് വരുന്നത്. ഗ്രൂപ്പ് ഡിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഡെന്‍മാര്‍ക്കും ഉയര്‍ത്തുന്ന വെല്ലുവിളി കടുപ്പമേറിയതാകും. ജോര്‍ജിയ, ജിബ്രാള്‍ട്ടര്‍ ടീമുകളും ഗ്രൂപ്പ് ഡിയിലാണ്.
ലോകകപ്പ് റണ്ണേഴ്‌സപ്പായ ക്രൊയേഷ്യ ഗ്രൂപ്പ് ഇയിലാണ്. വെയില്‍സ്, സ്ലൊവാക്യ, ഹംഗറി, അസര്‍ബൈജാന്‍ ടീമുകളെയാണ് ക്രൊയേഷ്യക്ക് നേരിടേണ്ടത്.
മരണഗ്രൂപ്പ് എന്ന വിശേഷണം ഗ്രൂപ്പ് എഫിന് ചാര്‍ത്തി നല്‍കാം. സ്‌പെയിന്‍, സ്വീഡന്‍, നോര്‍വെ, റുമാനിയ എന്നിങ്ങനെ ഒപ്പത്തിനൊപ്പം പോരാട്ടം കാണാം ഈ ഗ്രൂപ്പില്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ യോഗ്യതാ റൗണ്ട് ആരംഭിക്കും. ഫൈനല്‍ റൗണ്ട് നവംബറില്‍.

ഗ്രൂപ്പ് എ : ഇംഗ്ലണ്ട്, ചെക് റിപബ്ലിക്, ബള്‍ഗേറിയ, മോണ്ടെനെഗ്രൊ, കൊസോവൊ.
ഗ്രൂപ്പ് ബി: പോര്‍ച്ചുഗല്‍, ഉക്രൈന്‍, സെര്‍ബിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്.
ഗ്രൂപ്പ് സി : ഹോളണ്ട്, ജര്‍മനി, വടക്കന്‍ അയര്‍ലന്‍ഡ്, എസ്‌തോണിയ, ബെലാറസ്.
ഗ്രൂപ്പ് ഡി : സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, റിപബ്ലിക് അയര്‍ലന്‍ഡ്, ജോര്‍ജിയ, ജിബ്രാള്‍ട്ടര്‍.
ഗ്രൂപ്പ് ഇ : ക്രൊയേഷ്യ, വെയില്‍സ്, സ്ലൊവാക്യ, ഹംഗറി, അസര്‍ബൈജാന്‍.
ഗ്രൂപ്പ് എഫ് : സ്‌പെയിന്‍, സ്വീഡന്‍, നോര്‍വെ, റുമാനിയ, ഫറോ ഐലന്‍ഡ്, മാള്‍ട്ട.
ഗ്രൂപ്പ് ജി : പോളണ്ട്, ആസ്ത്രിയ, ഇസ്രാഈല്‍, സ്ലൊവേനിയ, മാസിഡോണിയ, ലാറ്റ്‌വിയ.
ഗ്രൂപ്പ് എച്ച് : ഫ്രാന്‍സ്, ഐസ് ലന്‍ഡ്, തുര്‍ക്കി, അല്‍ബാനിയ, മൊള്‍ഡോവ, അന്‍ഡോറ.
ഗ്രൂപ്പ് ഐ : ബെല്‍ജിയം, റഷ്യ, സ്‌കോട്‌ലന്‍ഡ്, സൈപ്രസ്, കസാഖിസ്ഥാന്‍, സാന്‍മാരിനോ.
ഗ്രൂപ്പ് ജെ: ഇറ്റലി, ബോസ്‌നിയ-ഹെര്‍സെഗൊവിന, ഫിന്‍ലന്‍ഡ്, ഗ്രീസ്, അര്‍മേനിയ, ലിചെന്‍സ്റ്റന്‍.

Latest