ബ്രിട്ടന്‍ ബ്രെക്‌സിറ്റ് കെണിയില്‍

ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യെസ് വോട്ടുചെയ്തവര്‍ ആരൊക്കെയോ ആളിക്കത്തിച്ച അതി ദേശീയതയില്‍ വീണു പോയവരാണെന്ന് വ്യക്തമാകുകയാണ്. അതിര്‍ത്തികള്‍ തുറന്നിടുമ്പോഴുണ്ടാകുന്ന മനുഷ്യപ്രവാഹങ്ങളാണ് ജനപഥങ്ങളെ ബലവത്താക്കുന്നതെന്ന് ലിബറല്‍ മൂല്യങ്ങളുടെ വിളനിലമായി ആഘോഷിക്കപ്പെടുന്ന യൂറോപ്പിന് പോലും ബോധ്യപ്പെടുന്നില്ലെന്ന സത്യമായിരുന്നു 'യെസ് പക്ഷ' വിജയം അടയാളപ്പെടുത്തിയത്. മറ്റൊരു ഹിതപരിശോധനയിലൂടെ അത് തിരുത്താന്‍ തയ്യാറാകുകയാണെങ്കില്‍ തീവ്രവലതുപക്ഷ യുക്തികള്‍ക്കുളള ലോകത്തിന്റെ മറുപടിയായിരിക്കുമത്.
ലോകവിശേഷം
Posted on: December 2, 2018 8:55 am | Last updated: December 1, 2018 at 9:58 pm

ഇല്ലം വിട്ടു, അമ്മാത്ത് എത്തിയുമില്ല എന്നൊരു ചൊല്ലുണ്ട്. കാക്ക തിത്തിരിപ്പക്ഷിയുടെ നടത്തം പഠിച്ചപോലെ എന്നൊരു മൊഴിയുമുണ്ട്. തുടങ്ങിക്കുടുങ്ങി എന്നൊരു നാട്ടുപ്രയോഗവുമുണ്ട്. ബ്രിട്ടന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഇതെല്ലാം ചേരും. സഹകരണത്തിന്റെ സാധ്യതകള്‍ മുഴുവന്‍ അടച്ച് സ്വന്തം അതിര്‍ത്തിയിലേക്ക് ചുരുങ്ങുകയും കുടിയേറ്റമടക്കമുള്ള മനുഷ്യപ്രവാഹങ്ങളെ അക്രമാസക്തമായി തടയുകയും ചെയ്യുകയെന്ന തീവ്രദേശീയത ആഗോള മുദ്രാവാക്യമായി മുഴങ്ങുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റിന് (ബ്രിട്ടനും എക്‌സിറ്റും ചേര്‍ന്ന് ബ്രക്‌സിറ്റ്)പച്ചക്കൊടി കാണിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമോ വേണ്ടയോ എന്നായിരുന്നു ഹിതപരിശോധനയുടെ ചോദ്യം. വിടണമെന്ന് 52 ശതമാനം പേര്‍ വിധിയെഴുതി. രണ്ട് ശതമാനത്തിന്റെ ഭൂരിപക്ഷത്തില്‍ എക്‌സിറ്റ് പക്ഷം വിജയിച്ചു. പ്രായോഗികതക്ക് മേല്‍ വൈകാരികതയുടെ വിജയം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നും ഗ്രേറ്റ് ബ്രിട്ടനെന്നും ഉദ്‌ഘോഷിക്കപ്പെട്ട പഴയ ചരിത്രം ഇന്നും താലോലിക്കുന്ന തലമുറ വേര്‍പിരിയലിനെ പിന്തുണച്ചപ്പോള്‍ പുതിയ തലമുറ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതാണ് ബുദ്ധിയെന്ന് വാദിച്ചു. നഗരവാസികള്‍ക്ക് യുനിയനോടായിരുന്നു താത്പര്യം. ഗ്രാമീണര്‍ക്ക് വെട്ടൊന്ന് കഷ്ണം രണ്ടിനോടും.

ഹിതപരിശോധന നടന്ന 2016ല്‍ ഡേവിഡ് കാമറൂണായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം യൂനിയനു വേണ്ടിയാണ് കാമ്പയിന്‍ ചെയ്തത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ പക്ഷം തോറ്റതോടെ പടിയിറങ്ങി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി(ടോറികള്‍)യിലെ തന്നെ തേരേസ മെ വന്നു. ബ്രിട്ടന്‍ അതിന്റെ അഭിമാനത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നും യൂറോപ്യന്‍ യൂനിയന്റെ കെട്ടുപാടില്‍ നിന്ന് സ്വതന്ത്രമാകുന്ന ബ്രിട്ടന്‍ കുതിക്കുമെന്നും തെരേസ ജനങ്ങളോട് പറഞ്ഞു. എല്ലാവരും അത് ഹര്‍ഷാരവത്തോടെ എതിരേറ്റു. ഒടുവിലിപ്പോള്‍ വേര്‍പിരിയലിന്റെ നടപടിക്രമങ്ങളിലേക്ക് നീങ്ങുമ്പോള്‍ തെരേസക്ക് സമ്പൂര്‍ണ ആശയക്കുഴപ്പമാണ്. ഹിതപരിശോധന കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, സമ്പൂര്‍ണമായ വേര്‍പിരിയല്‍ അസാധ്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. എന്നാല്‍ വേര്‍പിരിയേണ്ടെന്ന് വെക്കാമോ?. അതും പറ്റില്ല. അതാണ് പറഞ്ഞത് അങ്ങുമില്ല, ഇങ്ങുമില്ല എന്ന നിലയിലാണ് തെരേസ സര്‍ക്കാറെന്ന്.

ഇ യുവില്‍ നിന്ന് വേര്‍പിരിയുന്നതിനുള്ള ബ്രെക്‌സിറ്റ് കരാറിനും ഇത് നടപ്പായതിനുശേഷം യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മിലുള്ള ഭാവി രാഷ്ട്രീയബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടിനും 27 അംഗ യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലിമെന്റ് ഈ കരാറിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകൂ. ഇന്നത്തെ നിലവെച്ച് പാര്‍ലിമെന്റ് എന്ന കടമ്പ ഈ കരാര്‍ കടക്കുമെന്ന് തോന്നുന്നില്ല. തെരേസയുടെ ടോറികക്ഷിയിലെ എണ്‍പതോളം എം പിമാര്‍ തന്നെ കരാറിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സഖ്യകക്ഷിയായ വടക്കന്‍ അയര്‍ലാന്‍ഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയിലെ (ഡി യു പി) എട്ട് അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നുകാണണമെന്ന് ആഗ്രഹിക്കുന്ന മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയാകട്ടെ കരാറിനെ ശക്തമായി എതിര്‍ക്കുന്നു. ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുമെല്ലാം കരാറിനെതിരെ വോട്ട് ചെയ്യും. കരാര്‍ പാര്‍ലിമെന്റില്‍ പരാജയപ്പെട്ടാല്‍ തെരേസ മെക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. തെരേസക്ക്് അധികാരം നഷ്ടമായാല്‍ പുതിയൊരു ടോറി നേതാവ് വീണ്ടും അധികാരത്തില്‍ വരുമോ അതോ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യമാണ് ബ്രിട്ടനില്‍ നിന്നുയരുന്നത്. കാമറൂണിനെ താഴെയിറക്കി അധികാരം പിടിച്ച തേരേസ ഇടക്കാല പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്തിയതാണ്. ഉള്ള ഭൂരിപക്ഷവും പോകുകയാണ് ചെയ്തത്. അങ്ങനെയാണ് വടക്കന്‍ അയര്‍ലാന്‍ഡിലെ പാര്‍ട്ടിയുമായി കൈകോര്‍ക്കേണ്ടി വന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ പുതിയൊരു ഹിതപരിശോധന വേണമെന്ന് ടോറികളില്‍ ഒരു പക്ഷവും ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെടുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം.

തെരേസ പ്ലാന്‍
യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള വേര്‍പിരിയല്‍ മൂന്ന് നിലയിലാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. ഒന്ന് സമ്പൂര്‍ണ ബ്രെക്‌സിറ്റ്. ഇതല്‍പ്പം കടുപ്പമുള്ളതാണ്. എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. ഇ യു കസ്റ്റംസ് യൂനിയനില്‍ നിന്നും ഏകീകൃത വിപണിയില്‍ നിന്നും പൊതു നീതിന്യായ കോടതിയില്‍ നിന്നും പുറത്ത് കടക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള മനുഷ്യരുടെ സ്വതന്ത്ര സഞ്ചാരം നിലക്കും. ഇ യുവിന്റെ ഭാഗമായിരുന്നപ്പോഴുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും അവസാനിക്കും. ബ്രിട്ടനില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളും പുതുതായി കരാര്‍ വെക്കേണ്ടി വരും. ഇത്ര കടുപ്പമുള്ള ബ്രെക്‌സിറ്റ് വേണ്ടെന്നാണ് തെരേസ സര്‍ക്കാറിന്റെ തീരുമാനം. കടുത്ത ബ്രെക്‌സിറ്റ് താങ്ങാനുള്ള ശേഷി ഇപ്പോള്‍ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥക്കില്ല. രണ്ടാം ലോകമഹായുദ്ധത്തോടെ തുടങ്ങിയ സാമ്പത്തിക ക്ഷയം ഇപ്പോഴും തുടരുകയാണ്. സമ്പൂര്‍ണ വേര്‍പിരിയല്‍ പ്രതിസന്ധികളുടെ പണ്ടോര പെട്ടി തുറക്കുകയാകും ചെയ്യുക. വടക്കന്‍ അയര്‍ലാന്‍ഡ് മാത്രം ഉദാഹരണമായെടുക്കാം. ഈ ഭൂവിഭാഗം ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാണ്. പക്ഷേ, അവര്‍ക്ക് അയര്‍ലാന്‍ഡുമായാണ് ഏറെ ബന്ധം. 1998ലെ ഗുഡ് ഫ്രൈഡേ കരാര്‍ പ്രകാരം അയര്‍ലാന്‍ഡ് അതിര്‍ത്തി തുറന്നതോടെയാണ് വ. അയര്‍ലാന്‍ഡിലെ വിഘടനവാദ പ്രവണതകള്‍ക്ക് ശമനമായത്. ഇ യുവില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പെടുന്നതോടെ ഈ അതിര്‍ത്തി അടയ്ക്കപ്പെടും. അതോടെ വ. അയര്‍ലാന്‍ഡില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുകയും ചെയ്യും. കടുത്ത ബ്രെക്‌സിറ്റിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കാന്‍ തെരേസയെ പ്രേരിപ്പിക്കുന്നത് ഇത്തരം നിരവധി പ്രശ്‌നങ്ങളാണ്.

മൃദു ബ്രെക്‌സിറ്റാണ് പിന്നെയുള്ളത്. വേര്‍പിരിയുന്നു. എന്നാല്‍ കസ്റ്റംസ് യൂനിയനില്‍ നിന്ന് പിന്‍വാങ്ങില്ല. ഏകീകൃത വിപണിയിലും തുടരും. സാങ്കേതികമായി പിരിയുന്നുവെന്നേ ഉള്ളൂ. ബന്ധവും അതുമായി ബന്ധപ്പെട്ട ബാധ്യതകളും തുടരും. ഒരിക്കലും അവസാനിക്കാത്ത, വ്യക്തത വരാത്ത ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടുപോകുകയെന്നതാണ് മൂന്നാമത്തെ സാധ്യത. ഇത് ഇ യുവിനും ബ്രിട്ടനും ഒരു പോലെ വിനാശകരമാണ്. ഒരു വേള ലോക വ്യാപാരത്തിന് തന്നെ ഇത് ഹാനികരമാകും.

അതുകൊണ്ട് മൃദു ബ്രെക്‌സിറ്റാണ് തെരേസ തിരഞ്ഞെടുക്കുന്നത്. പക്ഷേ മൃദു ബ്രെക്‌സിറ്റു കൊണ്ട് എന്ത് ഗുണമെന്ന് ചോദിച്ച് അവരുടെ നാല് മന്ത്രിമാര്‍ രാജിവെച്ചിരിക്കുന്നു. ഇ യുവിന് കീഴടങ്ങലാണ് തെരേസ പ്ലാനെന്ന് അവര്‍ ആക്ഷേപിക്കുന്നു. ടോറികളില്‍ നല്ലൊരു ശതമാനം ഇതേ ചിന്താഗതിക്കാരാണ്. അവരുടെ ചോദ്യമിതാണ്. സ്വതന്ത്ര രാഷ്ട്രമായി നിന്ന് സ്വന്തം അതിജീവന മാര്‍ഗം കണ്ടെത്താനാണല്ലോ ഹിതപരിശോധനയില്‍ ജനം യെസ് പറഞ്ഞത്. പിന്നെയിപ്പോള്‍ എന്തിനാണ് ഒരു മധ്യമ മാര്‍ഗം? തെരേസ മെ സര്‍ക്കാര്‍ യൂറോപ്യന്‍ യൂനിയനുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഈ ലക്ഷ്യം സാധ്യമാകുന്നില്ലെന്നു മാത്രമല്ല വീണ്ടും യൂറോപ്യന്‍ യൂനിയന്റെ വാലായി ബ്രിട്ടനെ മാറ്റുന്നുവെന്നാണ് അവരുടെ പരാതി.

അവര്‍ പറയുന്നതില്‍ കാര്യമുണ്ട്. നിലവിലെ കരാറനുസരിച്ച് യൂറോപ്യന്‍ കസ്റ്റംസ് യൂനിയനില്‍ ബ്രിട്ടന്‍ തുടരുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്രമായ വാണിജ്യബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ബ്രിട്ടന് കഴിയുകയില്ല. യൂറോപ്യന്‍ യൂനിയന്‍ ചരക്കുകള്‍ക്ക് യഥേഷ്ടം നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കടക്കാന്‍ കഴിയുമ്പോള്‍ത്തന്നെ തങ്ങളുടെ ആഭ്യന്തര കമ്പോളം സംരക്ഷിക്കാന്‍ പ്രത്യേക നികുതിയും മറ്റും ചുമത്താന്‍ ബ്രിട്ടന് അധികാരമുണ്ടായിരിക്കില്ല. അതേസമയം, ഇ യുവിലെ അംഗത്വം മരവിപ്പിക്കപ്പെട്ടതിനാല്‍ അവിടെ നടക്കുന്ന നയരൂപവത്കരണത്തില്‍ ഇടപെടാന്‍ ബ്രിട്ടന് സാധിക്കുകയുമില്ല. ഫലത്തില്‍ ബ്രിട്ടന്റെ വ്യക്തിത്വം തീര്‍ത്തും അടിയറ വെക്കുന്ന സ്ഥിതി വരും. ഇതിലും നല്ലത് യൂറോപ്യന്‍ യൂനിയനിലേക്കുള്ള തിരിച്ചു പോക്കല്ലേയെന്ന ചോദ്യമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ‘യെസ്’ വോട്ടുചെയ്തവര്‍ ആരൊക്കെയോ ആളിക്കത്തിച്ച അതി ദേശീയതയില്‍ വീണു പോയവരാണെന്ന് വ്യക്തമാകുകയാണ്. കുടിയേറ്റത്തിനെതിരെ യൂറോപ്പിലാകെ പടര്‍ന്ന വികാരത്തിന്റെ ഭാഗമായിരുന്നു വരുംവരായ്കകളെ കുറിച്ച് ബോധമില്ലാത്ത ആ തീരുമാനം. പുതിയ കാലം സഹകരണത്തിന്റെതാണെന്നും അതിര്‍ത്തികള്‍ തുറന്നിടുമ്പോഴുണ്ടാകുന്ന മനുഷ്യപ്രവാഹങ്ങളാണ് ജനപഥങ്ങളെ ബലവത്താക്കുന്നതെന്നും ലിബറല്‍ മൂല്യങ്ങളുടെ വിളനിലമായി ആഘോഷിക്കപ്പെടുന്ന യൂറോപ്പിന് പോലും ബോധ്യപ്പെടുന്നില്ലെന്ന സത്യമായിരുന്നു ‘യെസ് പക്ഷ’ വിജയം അടയാളപ്പെടുത്തിയത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞതു പോലെ, ബ്രെക്‌സിറ്റ് ഒരു മനുഷ്യ നിര്‍മിത ദുരന്തമായിരുന്നു. മറ്റൊരു ഹിതപരിശോധനയിലൂടെ അത് തിരുത്താന്‍ ബ്രിട്ടന്‍ തയ്യാറാകുകയാണെങ്കില്‍ എല്ലാ തീവ്രവലതുപക്ഷ യുക്തികള്‍ക്കുമുളള ലോകത്തിന്റെ മറുപടിയായിരിക്കുമത്.