ബിജെപിയുടെ സമരത്തെ പ്രതിരോധിക്കാനുറച്ച് സര്‍ക്കാര്‍; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കും

Posted on: December 1, 2018 7:08 pm | Last updated: December 1, 2018 at 9:32 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയും ഹിന്ദു സംഘടനകളും സമരം ശക്തമാക്കാനിരിക്കെ പ്രതിരോധിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റ ഭാഗമായി ബഹുജന സംഘടനകളെ അണിനിരത്തി വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമുദായ സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന വനിതാ മതില്‍ രാജ്യം ശ്രദ്ധിക്കുന്ന രീതിയിലുള്ള വലിയ ഇടപെടലാണ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാകില്ല എന്ന പ്രഖ്യാപനമാണ് ഈ പരിപാടിയിലൂടെ സംഘടനകളെല്ലാാം നടത്തുക. പരിപാടി വിജയിക്കുന്നതിനായി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരിച്ചു. എല്ലാ മതനിരപേക്ഷ ജനാധിപത്യ ചിന്താഗതിക്കാരും അണിനിരന്ന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.