Connect with us

Articles

എ ടി എമ്മുകള്‍ പകുതിയും പൂട്ടുമ്പോള്‍

Published

|

Last Updated

അടുത്ത മാര്‍ച്ചോടുകൂടി രാജ്യത്തെ എ ടി എം കൗണ്ടറുകളുടെ എണ്ണം പകുതിയായി കുറക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എ ടി എം ഇന്‍ഡസ്ട്രി(CATMi) തീരുമാനിച്ചിരിക്കുന്നു. രാജ്യത്ത് അടിക്കടി വര്‍ധിച്ചുവരുന്ന എ ടി എം തട്ടിപ്പുകള്‍ തടയാന്‍ റിസര്‍വ് ബേങ്ക് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വരുന്ന ചെലവുകളാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സംഘടനയെ എത്തിച്ചത്. നിലവില്‍ രാജ്യത്ത് 2.38 ലക്ഷം എ ടി എമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളില്‍ എ ടി എം പ്രവര്‍ത്തനം നഷ്ടത്തിലാണെന്നും അതിനാല്‍ ഇങ്ങനെ പൂട്ടപ്പെടുന്നതില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ ഉള്ളതായിരിക്കുമെന്നും പറയപ്പെടുന്നു.

എ ടി എം വഴി നടത്തുന്ന ഇടപാട് ഡിജിറ്റലായി പരിഗണിക്കുന്നില്ലെങ്കില്‍ കൂടി രാജ്യം ഡിജിറ്റല്‍ ഇന്ത്യയിലേക്ക് കുതിക്കുന്നു എന്ന് അവകാശപ്പെടുന്ന നേരത്തെ ഈ തീരുമാനം തീര്‍ത്തും പിറകോട്ട് നടക്കല്‍ മാത്രമാണ്. അടിസ്ഥാന വര്‍ഗത്തെ സംബന്ധിച്ചിടത്തോളം അവന്റെ “ഡിജിറ്റല്‍” ഇടപാട് എന്നത് എ ടി എം ഉപയോഗം മാത്രമാണ്. 2,76,362 കോടി രൂപയാണ് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ എ ടി എമ്മിലൂടെ പിന്‍വലിക്കപ്പെട്ടത്. ഇത്രമാത്രം ജനങ്ങള്‍ ഇടപഴകുന്ന ഒരു സംവിധാനം നേര്‍പകുതിയിലേക്ക് കുറക്കുക എന്നത് എത്രമാത്രം വിരോധാഭാസമാണ്.
എന്താണ്
പുതിയ നിര്‍ദേശങ്ങള്‍ ?
റിസര്‍വ് ബേങ്ക് എ ടി എമ്മുകളുടെ സുരക്ഷക്കായി എന്തെല്ലാം പുതിയ നിര്‍ദേശങ്ങളാണ് വെച്ചിട്ടുള്ളത് എന്നത് പരിശോധിക്കുമ്പോള്‍ ബേങ്കുകളുടെ നിലപാടില്‍ ന്യായമുണ്ടെന്ന് തോന്നിയേക്കാം. ചെലവ് വര്‍ധിക്കുന്നു എന്നുകരുതി ഒരു സംവിധാനം തന്നെ വേണ്ടെന്ന് വെക്കുന്നത് നല്ലതാണോ? കഴിഞ്ഞ ഏപ്രിലില്‍ ആര്‍ ബി ഐ പുറത്തിറക്കിയ നിദേശങ്ങളില്‍ പ്രധാനപ്പെട്ടത് എ ടി എം കൗണ്ടറുകളില്‍ പണം നിറക്കാന്‍ “ലോക്കബിള്‍ കാസറ്റു”കള്‍ ഉപയോഗിക്കണമെന്നാണ്. ഇങ്ങനെ മൂന്നിലൊന്ന് എ ടി എമ്മുകള്‍ ഓരോ വര്‍ഷവും മാറ്റി 2021 ഓടെ രാജ്യത്തെ മുഴുവന്‍ എ ടി എമ്മുകളും ഈ രീതിയിലേക്ക് മാറണമെന്നുമാണ്. ഇതിനായി ഒരു വലിയ തുക തന്നെ വേണമെന്നാണ് ബേങ്കുകള്‍ പറയുന്നത്. ഏതാണ്ട് 6,800 കോടിയോളം രൂപ ഇതിനായി വേണമത്രെ. നിലവില്‍ എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ നഷ്ടത്തില്‍, അതിനുപുറമേ സുരക്ഷക്കായി ഇനിയും എങ്ങനെ പണം ചെലവഴിക്കുമെന്നതാണ് ബേങ്കുകള്‍ ഉയര്‍ത്തുന്ന ചോദ്യം.
ഒരു എ ടി എമ്മിന് മൂന്ന് കാസറ്റ് എന്ന നിലക്ക് വേണമെന്ന കണക്കുകൂട്ടലിലാണ് ഇത്രയും തുക കണക്കാക്കിയിരിക്കുന്നത്. ഒരു എ ടി എമ്മില്‍ പണം നിറക്കാനായി മാസത്തില്‍ 9,000 മുതല്‍ 10,000 വരെ ചെലവ് വരുന്നുണ്ടെന്നാണ് ബേങ്കധികൃതര്‍ പറയുന്നത്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 5,000 രൂപയോളം അധികം വരുമത്രെ.
ഇതിനുപുറമേ ക്യാഷ് നിറക്കാന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ അഞ്ച് കോടിയിലധികം പാടില്ല. സിറ്റികളില്‍ രാത്രി ഒമ്പതിന് ശേഷം പണം നിറക്കാന്‍ പാടില്ല, പണം നിറക്കാനായി കൊണ്ടുപോകുന്ന വാഹനത്തിന് രണ്ട് കാവല്‍ക്കാര്‍ വീതം വേണം, വാഹത്തിന് ട്യൂബ്‌ലെസ് ടയറുകള്‍ ആയിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
ആര് “മണി” കെട്ടും ?
യഥാര്‍ഥത്തില്‍ ഇതാണ് ബേങ്കിംഗുമായി ബന്ധപ്പെട്ട ഈ പ്രശ്‌നത്തിലെ പ്രധാന ചോദ്യം. ഇങ്ങനെ വരുന്ന കോടിക്കണക്കിന് രൂപ ആര് നല്‍കുമെന്നത്. ഉപഭോക്താക്കളില്‍നിന്നും എ ടി എം ഇടപാടുകള്‍ക്കായി വാങ്ങുന്ന സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് വന്‍തോതില്‍ പ്രതിഷേധത്തിന് വഴിവെക്കും. പിന്നെ ആര് തരും ഇതിനായി പണം എന്നതാണ് പ്രശ്‌നം. സര്‍ക്കാര്‍ സഹായിക്കുമോ? ഏതായാലും ഇതിനായി ബേങ്കുകള്‍ പണം ചെലവഴിക്കില്ലെന്ന് തന്നെയാണ് അവരുടെ ഈ നിലപാട് വ്യക്തമാക്കുന്നത്. അതായത് ചെരിപ്പിനനുസരിച്ച് കാല്‍ മുറിക്കുകയാണ്. സൗജന്യ ഇടപാടുകള്‍ക്ക് ശേഷം നടക്കുന്ന ഓരോ ഇടപാടിനും 15 രൂപയാണ് ബേങ്കുകള്‍ ചുമത്തുന്നത്. നേരത്തെ എസ് ബി ഐ ഇത് 25 രൂപയാക്കിയിരുന്നുവെങ്കിലും കടുത്ത പ്രധിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അപ്പോള്‍ ആ നിലക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയില്ല.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളിലെ എ ടി എം ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന നടപടികളൊന്നും സ്വീകരിക്കാതെയാണ് അടച്ചുപൂട്ടുക എന്ന ഒറ്റമൂലി പ്രയോഗത്തിന് ഇറങ്ങിയിരിക്കുന്നത്. പലപ്പോഴും നഷ്ടക്കണക്കുകളുമായി വരുന്നത് പൊതുമേഖലാ ബേങ്കുകള്‍ ആണെന്നതാണ് യാഥാര്‍ഥ്യം. സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താക്കളുടെ അപ്രീതി വാങ്ങിക്കൂട്ടിയതില്‍ മുന്‍പന്തിയില്‍ എസ് ബി ഐ ആണല്ലോ. ഒന്നുകില്‍ ജീവനക്കാരുടെ ആധിക്യം അല്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടുതല്‍ നടക്കുന്നു എന്നതൊക്കെ ആയിരിക്കാം പൊതുമേഖലാ ബേങ്കുകളുടെ ഇത്തരം സാമ്പത്തിക പരാധീനതക്ക് കാരണം. ആദ്യം പരിഹാരം കാണേണ്ടത് ഈ കാര്യങ്ങള്‍ക്കാണ്. അല്ലാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വെട്ടിച്ചുരുക്കിയല്ല.

ഇത്തരം സേവനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ബേങ്കുകള്‍ എന്തു ചെയ്യും എന്ന വലിയ ചോദ്യമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ബേങ്കുകള്‍ നല്‍കുന്ന വായ്പക്കും ലോണിനുമൊക്കെ വലിയ നിരക്കില്‍ പലിശ വാങ്ങിയിട്ട് ഉപഭോക്താക്കള്‍ക്ക് സേവനം ഒരുക്കാന്‍ മാത്രം പണമില്ലെന്ന് പറയുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. യഥാര്‍ഥത്തില്‍ ഇങ്ങനെ ലഭിക്കുന്ന വരുമാനമൊക്കെയും കോര്‍പറേറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ അടിച്ചുമാറ്റപ്പെടുകയാണ്. വിജയ്മല്യയും നീരവ് മോദിയുമൊക്കെ ബേങ്കുകളില്‍നിന്ന് മുക്കിയ കോടികളൊക്കെ ആരാണ് നികത്തുന്നത്? അതിനൊന്നും ഒരു തുമ്പുമില്ലല്ലോ. അതുമാത്രമല്ല വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ എത്രയെത്ര എ ടി എമ്മുകളും ബേങ്കുകളില്‍ നിന്ന് പണം കൊണ്ടുപോകുന്ന വാഹനങ്ങളുമാണ് കൊള്ളയടിക്കപ്പെടുന്നത്. ഇങ്ങനെ നഷ്ടപ്പെടുന്ന കോടികളൊന്നും വേണ്ടിവരില്ല ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്താന്‍. അപ്പോള്‍ കോടികളുടെ കണക്കുപറഞ്ഞ് ഉപഭോക്താക്കളില്‍നിന്നും സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കൂടുതല്‍ പണമീടാക്കാനുള്ള തന്ത്രമായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാന്‍ കഴിയൂ.