Connect with us

National

മറാത്ത സംവരണ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

Published

|

Last Updated

മുംബൈ: വിദ്യാഭ്യാസത്തിനും ജോലിക്കും മറാത്ത വിഭാഗത്തിന് പതിനാറ് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്ലില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ ഒപ്പുവച്ചു. ഇന്നലെയാണ് മഹാരാഷ്ട്രാ നിയമസഭ ബില്ല് ഏകകണ്ഠമായി പാസ്സാക്കിയത്. ബില്ല് ഗവര്‍ണര്‍ അംഗീകരിച്ചതോട ഭരണഘടനയുടെ 15 (4), 16 (4) അനുഛേദ പ്രകാരമുള്ള സംവരാണാനുകൂല്യത്തിന് മറാത്താ വിഭാഗക്കാര്‍ അര്‍ഹരായി.

മറാത്തകളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്നതാണ് ബില്ല്. സുപ്രീം കോടതിയുടെ പരിധി മാനദണ്ഡം മറികടന്നുള്ള സംവരണമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഈ പരിധി കുത്തനെ കൂടുകയാണ് പുതിയ ബില്‍ പാസ്സാക്കിയതിലൂടെ. മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ 52 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മറാത്ത വിഭാഗത്തിന് 16 ശതമാനം അനുവദിക്കുക കൂടി ചെയ്തതോടെ മൊത്തം സംവരണം 68 ശതമാനമായി. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 50 ശതമാനം സംവരണം മാത്രമേ ഏര്‍പ്പെടുത്താന്‍ പാടുള്ളൂ.

മഹാരാഷ്ട്ര ജനസംഖ്യയുടെ 30 ശതമാനം വരുന്ന വിഭാഗമാണ് മാറാത്തകള്‍. ഏറെ നാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മറാത്താ വിഭാഗത്തെ പിന്നാക്ക വിഭാഗമായി ഈ വര്‍ഷം ആദ്യം അംഗീകരിച്ചിരുന്നു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇവര്‍ക്ക് സംവരണം അനുവദിക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനൊടൊപ്പം കമ്മീഷന്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഭയില്‍ സമര്‍പ്പിച്ചിരുന്നു.

ദീര്‍ഘ കാലത്തെ പ്രക്ഷോഭമാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. മറാത്ത ക്രാന്തി മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ പിന്നാക്ക വിഭാഗ കമ്മീഷനെ നിയോഗിച്ചത്.

Latest