സനല്‍ വധക്കേസ്: മൃതദേഹത്തിന് മദ്യത്തിന്റേതിന് സമാനമായ മണമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: November 28, 2018 4:50 pm | Last updated: November 28, 2018 at 7:21 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ മൃതദേഹത്തിന് മദ്യത്തിന്റേതിന് സമാനമായ മണമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്റെ അംശമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതിനാല്‍, ആന്തരികാവയവങ്ങളുടെ രാസ പരിശോധനയില്‍ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.

മദ്യപിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍, പരുക്കേറ്റ് കിടന്ന സനലിനെ പോലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. തലക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളും തലച്ചോറില്‍ രക്തസ്രാവവും കണ്ടെത്തി.

ഒക്ടോബര്‍ അഞ്ചിന് രാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക് തകര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി ഹരികുമാര്‍ സനലിനെ പിടിച്ചു തള്ളുകയും ഏതിരെ വന്ന കാറിടിക്കുകയുമായിരുന്നു. പ്രതിയായ ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.