Connect with us

Kerala

ശബരിമല: വത്സന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക് നല്‍കിയത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍-മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ശബരിമലയില്‍ പോലീസിന്റെ മെഗാഫോണിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സന്നിധാനത്ത് പ്രതിഷേധക്കാര്‍ അക്രമാസക്തരായപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അവരെ ശാന്തരാകാന്‍ നിര്‍ദേശം നല്‍കണമെന്ന് പോലീസ് വത്സന്‍ തില്ലങ്കേരിയോട് ആവശ്യപ്പെട്ടതെന്നും അനില്‍ അക്കര എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിരോധനാജ്ഞ നിലവിലുള്ള ശബരിമലയില്‍ ബിജെപി -ആര്‍എസ്എസ് നേതാക്കള്‍ക്ക് പ്രത്യേകം പരിഗണന ലഭിച്ചോയെന്ന ചോദ്യത്തിന് ശബരിമലയില്‍ ക്രമസമാധാനത്തിന് ചുമതലപ്പെടുത്തിയവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര സാഹചര്യത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും സാധാരണ ഭക്തര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അക്രമ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest