കൊടുംക്രൂരത; യുവാവിനെ ആള്‍ക്കൂട്ടം പോലീസ് വാഹനത്തില്‍നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

Posted on: November 27, 2018 9:25 pm | Last updated: November 28, 2018 at 10:24 am

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഷാംലിയില്‍ യുവാവിനെ പോലീസ് വാഹനത്തില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ആള്‍ക്കൂട്ടം യുവാവിനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി മര്‍ദിക്കുന്നത് പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രാജേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

ആറ് പേരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇതില്‍ ഒരാളെ ഒരാളെ അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാള്‍ പിന്നീട് മരിക്കുകയായിരുന്നു.

ഗ്രാമവാസികള്‍ തമ്മിലുള്ള ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. എന്നാല്‍, ആള്‍ക്കൂട്ടം ആക്രമിക്കുന്ന വീഡിയോ പുറത്തായതോടെ ഈ വാദം പൊളിഞ്ഞു.
പോലീസിന് വീഴ്ച പറ്റിയതായി പിന്നീട് എസ് പി പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.