ദുബൈയില്‍ 625 തടവുകാര്‍ക്ക് മോചനം; ഷാര്‍ജയില്‍ 182 പേര്‍ക്ക്

Posted on: November 27, 2018 6:06 pm | Last updated: November 27, 2018 at 6:06 pm

ദുബൈ: നാല്‍പത്തിയേഴാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന വ്യത്യസ്ത രാജ്യക്കാരായ 625 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. തടവ് പുള്ളികളുടെ സാമ്പത്തിക ബാധ്യതയും ശൈഖ് മുഹമ്മദ് വഹിക്കും. കുടുംബവുമൊത്തു മികച്ച രീതിയിലുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിനാണ് ശൈഖ് മുഹമ്മദിന്റെ മോചന ഉത്തരവ്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു എ ഇയിലെ മറ്റ് ഭരണാധികാരികളും തടവ് പുള്ളികളെ മോചിപ്പിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 182 തടവ് പുള്ളികളെ മോചിപ്പിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 90 തടവ് പുള്ളികളെയാണ് മോചിപ്പിക്കുന്നതിനായി ഉത്തരവിട്ടത്.

റാസ് അല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 205 തടവ് പുള്ളികളെ മോചിപിപ്പിക്കുന്നതിന് ഉത്തരവിട്ടു. ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ലയും തടവ് പുള്ളികളെ മോചിപ്പിക്കുന്നതിനായി ഉത്തരവിട്ടിട്ടുണ്ട്.